അടൂർ: പേരുപോലെ ശാന്തനല്ലെന്നും താൻ ‘ക്രൂരനാണെന്നു’മുള്ള സ്വയം പ്രഖ്യാപനത്തോടെ അടൂരിലെ ശുശ്രൂഷാ ദൗത്യം ആരംഭിച്ച വന്ദ്യ ശാന്തനച്ചൻ, വിടവാങ്ങുമ്പോൾ ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും ഹൃദയങ്ങളിൽ സ്നേഹത്തിന്റെ ആഴമേറിയ മുറിവുകൾ അവശേഷിപ്പിക്കുന്നു. ബാഹ്യമായ ഗൗരവത്തിന് പിന്നിൽ അലിവാർന്നൊരു ഇടയഹൃദയമുണ്ടെന്ന് തന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു.

ഇടവകയിലെ ഓരോ കുടുംബത്തെയും പേരെടുത്തു ചൊല്ലി അറിയുന്ന കരുതൽ, പാവപ്പെട്ടവർക്ക് വീടും മരുന്നും വിദ്യാഭ്യാസ സഹായവും ഉറപ്പാക്കിയ സാമൂഹ്യ പ്രതിബദ്ധത, യുവജനങ്ങളെയും കുട്ടികളെയും വിശ്വാസവഴിയിൽ ചേർത്തുനിർത്തിയ സ്നേഹവാത്സല്യം എന്നിവ ശാന്തനച്ചന്റെ അടൂരിലെ നാളുകളെ ധന്യമാക്കി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അടൂർ വൈദിക ജില്ലാ വികാരി, ഹോളി ഏഞ്ചൽസ് സ്കൂൾ പ്രിൻസിപ്പൽ എന്നീ നിലകളിലും അദ്ദേഹം സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്.

അജി ജോസഫ് എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് താഴെ വായിക്കാം:

“ഞാൻ ക്രൂരനാണ്; ശാന്തനല്ല!”

അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആ മീറ്റിംഗ് വേദിയിൽ മുഴങ്ങിക്കേട്ട ഘനഗാംഭീര്യമുള്ള ആ ശബ്ദം ഇന്നും കാതുകളിൽ ഒരു ഇടിമുഴക്കം പോലെ അലയടിക്കുന്നുണ്ട്. സ്റ്റേജിലേക്ക് നോക്കിയപ്പോൾ വന്ദ്യ ശാന്തനച്ചൻ. ആദ്യമായി നേരിൽ കാണുകയാണ്. സെന്റ് ജോൺസിലും മറ്റും പഠിച്ചവർ പറഞ്ഞു കേട്ട ആ ‘ഗൗരവക്കാരൻ’ ഇതാ മുന്നിൽ നിന്ന് പ്രഖ്യാപിക്കുന്നു; താൻ പേരുപോലെ ശാന്തനല്ല, ക്രൂരനാണെന്ന്! അന്ന് ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിലൊന്ന് ചിരിച്ചുകൊണ്ട് ഞാൻ ആത്മഗതം ചെയ്തു: “അടൂർ പള്ളിക്കാരും സ്കൂളുകാരും ഇനി ശാന്തനച്ചന്റെ പുതിയ ‘രീതികൾ’ കാണാനിരിക്കുന്നതേയുള്ളൂ!”

എന്നാൽ, പിൽക്കാലം തെളിയിച്ചത് മറ്റൊന്നായിരുന്നു. കളിമണ്ണിനെ മനോഹരമായ പാത്രമാക്കാൻ കുശവൻ നൽകുന്ന ആ തല്ലുപോലെയായിരുന്നു അച്ചന്റെ ഇടപെടലുകൾ എന്ന് തിരിച്ചറിയാൻ അധികകാലം വേണ്ടി വന്നില്ല. ലോകം നൽകുന്ന ലേബലുകൾ എത്ര തെറ്റാണെന്ന് കാലം തെളിയിച്ചു. സ്വർണ്ണത്തെ ശുദ്ധി ചെയ്തെടുക്കുന്ന അഗ്നി പോലെയായിരുന്നു ആ ‘ക്രൂരത’. അല്ല; അതായിരുന്നു യഥാർത്ഥ “ശാന്തത”!

“നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.” (യോഹന്നാൻ 10:11)

ഈ വചനം അന്വർത്ഥമാക്കുന്നതായിരുന്നു പിന്നീട് കണ്ട കാഴ്ചകൾ. ആ ക്രൂരതയെക്കുറിച്ച് ചോദിച്ചാൽ എനിക്ക് ഇന്ന് പറയാനുള്ളത് ഇതാണ്: https://www.facebook.com/share/p/14Z2M96TidX/

ഇടവകയിലെ 310-ലധികം കുടുംബങ്ങളെ ഒരു മാലയിലെ മുത്തുകൾ എന്നപോലെ കോർത്തിണക്കാനും, അവരുടെ സങ്കടങ്ങളിൽ ഒരു തണൽമരമായി ഓടിയെത്താനും അദ്ദേഹം കാട്ടിയ ആ നിർബന്ധം ക്രൂരതയാണോ? യുവജനങ്ങളെ ലോകത്തിന്റെ മോഹവലയങ്ങളിൽ വിട്ടുകൊടുക്കാതെ, ഒരു കാവൽക്കാരന്റെ ജാഗ്രതയോടെ പള്ളിയിൽ ചേർത്തുനിർത്തിയ ആ ഇടയവാത്സല്യം ക്രൂരതയാണോ? ഒരു വീട് പോലും വിടാതെ, ഇടയൻ ആടിനെ തേടിപ്പോകുന്നതുപോലെ ഭവനസന്ദർശനം നടത്തി സ്നേഹമന്വേഷിച്ചിരുന്ന ആ കരുതൽ ക്രൂരതയാണോ?

38 വർഷമായി ബത്സയ്ദാ കുളക്കരയിൽ സൗഖ്യത്തിനായി കാത്തിരുന്ന മനുഷ്യനെപ്പോലെ, വർഷങ്ങളായി വാസയോഗ്യമായ ഭവനമില്ലാതിരുന്ന അടൂർ പള്ളി കപ്യാർ ബേബിച്ചായന് ഇടവകാംഗങ്ങളുടെ സഹായത്താൽ ഭവനമൊരുക്കാൻ മുന്നിട്ടിറങ്ങിയ ഇടയശ്രേഷ്ഠൻ എത്ര ‘ക്രൂര’നായിരുന്നു! എട്ടോളം പേർക്ക് മരുന്നിനും, മിടുക്കരായ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും സഹായമെത്തിക്കാൻ ഇടവകാംഗങ്ങൾ നൽകിയ വിഹിതവും സ്വന്തം കൈക്കാശും വിശ്വസ്തതയോടെ ചെലവഴിക്കാൻ കാണിച്ച ആ സന്മനസ്സ് എത്രമാത്രം ക്രൂരതയുടേതാകണം!

പള്ളി പുതുക്കി കൂദാശ കഴിഞ്ഞ് വർഷങ്ങളായിട്ടും വാർദ്ധക്യത്തിന്റെ അവശതകളാൽ തളർന്നും രോഗാവസ്ഥയിലും പള്ളിയിൽ വരാൻ കഴിയാതെ പോയവരെ, പള്ളിയിലെത്തിച്ച് വിശുദ്ധ കുർബാനയുടെ കൃപയൊരുക്കിയ ആ പുണ്യമാണോ ക്രൂരത? അല്ല; തന്റെ ആടുകളിൽ ഒന്നുപോലും വഴിതെറ്റുകയോ തളർന്നുപോവുകയോ ചെയ്യരുത് എന്ന ആ ഇടയശ്രേഷ്ഠന്റെ നിർബന്ധബുദ്ധിയായിരുന്നു അത്.

ഞായറാശ്ച വിശുദ്ധ കുർബാന കഴിഞ്ഞയുടനെ വീടുകളിലേക്ക് മടങ്ങുന്ന പതിവുശൈലിയിൽ നിന്ന് മാറി, എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ച് വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന പുതിയ രീതിയ്ക്ക് വേണ്ടതായ തുകകണ്ടെത്താൻ ഇടവകാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താൻ ശാന്തനച്ചനു കഴിഞ്ഞത് ദൈവീകകൃപയുടെ തെളിവാണ്.

ഗൗരവം വിടാത്ത മുഖവും ഗാംഭീര്യമുള്ള ശബ്ദവും കണ്ടാൽ ശാന്തനച്ചൻ ക്രൂരനാണെന്ന് ആർക്കും തോന്നിപ്പോകും. എന്നാൽ ആ ഗൗരവത്തിന്റെ മറവിൽ അലിവാർന്നൊരു ഇടയഹൃദയമുണ്ടെന്ന് തിരിച്ചറിയാൻ അച്ചനെ അടുത്തറിയുക തന്നെ വേണം. സത്യത്തിൽ, തന്റെ ആടുകൾക്ക് നേരെ വരുന്ന ആപത്തുകളെ തടയാൻ നിൽക്കുന്ന ഒരു കാവൽക്കാരന്റെ ജാഗ്രതയായിരുന്നു ആ ഗൗരവം.

സോഷ്യൽ മീഡിയയിൽ വിശുദ്ധ കുമ്പസാരത്തെ ദുരുപയോഗം ചെയ്യുന്നരീതികളും മറ്റും കണ്ടും കേട്ടും വിശുദ്ധ കുമ്പസാരത്തെ അത്ര ഗൗരവമായി കാണാതിരിക്കുകയും, അതിനായി വൈദികരെ സമീപിക്കാൻ മടിച്ചിരുന്ന എനിക്ക് 2022ലെ ഹാശാ ആഴ്ചയിൽ ഉണ്ടായ അനുഭവം വ്യത്യസ്തമായിരുന്നു. ഒരു മരുഭൂമിയിൽ തളർന്നിരുന്നവന് ലഭിച്ച നീരുറവ പോലെയായിരുന്നു അന്നത്തെ എന്റെ വിശുദ്ധ  കുമ്പസാരം. ശാന്തനച്ചന്റെ സവിധത്തിൽ ഞാൻ നടത്തിയ ആ കുമ്പസാരം, അതിന്റെ വിശുദ്ധിയും പ്രാധാന്യവും എന്നെ സ്വയം തിരിച്ചറിയിച്ചു. ശാന്തനച്ചനെപ്പോലെയുള്ള വിശുദ്ധ ജീവിതത്തിനുടമകളായ വൈദികരാണ് സഭയുടെ യഥാർത്ഥ ജീവനാഡികൾ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

മലങ്കര സഭയുടെ പുനരൈക്യ ശതാബ്ദി ആഘോഷ ഒരുക്കങ്ങളുടെ ഭാഗമായി സഭയിൽ ആരാധനക്രമ വർഷം പ്രഖ്യാപിക്കുന്നതിനും മുൻപേ, ആരാധനക്രമത്തെ കുറിച്ച് പ്രത്യേകിച്ച് വിശുദ്ധ കുർബാനയെക്കുറിച്ചും അതിലെ പ്രതീകങ്ങളെക്കുറിച്ചും അദ്ദേഹം പള്ളിയിൽ ക്ലാസുകൾ എടുത്തിരുന്നു. വിശുദ്ധ ബലിക്കിടയിൽ പലപ്പോഴായി നൽകിയ ആത്മീയമായ ചില ഓർമ്മപ്പെടുത്തലുകൾ അറിവിന്റെ പുതിയ വാതിലുകൾ തുറന്നു. ഓരോ കാലത്തിനനുസരിച്ച്  ‘ഹൂത്തോമ്മകൾ’ ചൊല്ലിയിരുന്നത് ശ്രദ്ധേയമായിരുന്നു.  ബൈബിളിലെ ഓരോ വാക്യങ്ങളും സന്ദർഭങ്ങളും കൊച്ചുകുട്ടികൾക്കെന്നപോലെ ലളിതമായും മനോഹരമായും പറഞ്ഞു മനസ്സിലാക്കാൻ പ്രത്യേക കഴിവുള്ള വചനപ്രഘോഷകനായിരുന്നു അദ്ദേഹം.

ഒരിക്കൽ ഒരു ആവശ്യത്തിനായി അച്ചന്റെ ഓഫീസ് മുറിയിൽ ചെന്നപ്പോൾ, മഞ്ഞണിക്കര ബാവായെക്കുറിച്ചുള്ള ഒരു പുസ്തകം അതീവ ശ്രദ്ധയോടെ വായിക്കുകയായിരുന്നു അദ്ദേഹം. ആ വായനക്കിടയിൽ, മാർ ഈവാനിയോസ് പിതാവിനെക്കുറിച്ചും മഞ്ഞണിക്കര ബാവായെക്കുറിച്ചും എന്റെ മനസ്സിലുണ്ടായിരുന്ന ചില ചരിത്രപരമായ സംശയങ്ങൾ ഞാൻ പങ്കുവെച്ചു. വളരെ കൃത്യതയോടെയും വ്യക്തതയോടെയും ആ വിഷയങ്ങളെക്കുറിച്ച് അച്ചൻ സംസാരിക്കുകയും എന്റെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തത് ഇന്നും ഓർക്കുന്നു. കേവലം ഒരു ഇടയൻ എന്നതിലുപരി, ആത്മീയമായ ഉൾക്കാഴ്ചയുള്ള ഒരു ഗുരുവായി എന്നെ ബലപ്പെടുത്താൻ ഈ മൂന്ന് വർഷക്കാലം ശാന്തനച്ചന് സാധിച്ചുവെന്നത് ഞാൻ നന്ദിയോടെ തിരിച്ചറിയുന്നു.


വൈകുന്നേരങ്ങളിൽ കുഞ്ഞുങ്ങളുമായി പള്ളിയിൽ പോകുമ്പോൾ, നിത്യാരാധന ചാപ്പലിൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന അച്ചനെ പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആ പ്രാർത്ഥനയായിരുന്നു അദ്ദേഹത്തിന്റെ കരുത്തെന്ന് കഴിഞ്ഞയാഴ്ച അച്ചൻ പറഞ്ഞ വാക്കുകൾ തെളിയിക്കുന്നു. സ്ഥലമാറ്റത്തെക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരോടുമായി അദ്ദേഹം അപേക്ഷിച്ചത് ഇങ്ങനെയായിരുന്നു: ‘എനിക്കായി കാശോ സമ്മാനങ്ങളോ നിങ്ങൾ തരരുത്, പകരം നിങ്ങളുടെ പ്രാർത്ഥനകൾ മാത്രം എനിക്ക് നൽകുക.’ പ്രാർത്ഥനയെ ഇത്രമേൽ മുറുകെ പിടിച്ച ആ ഇടയന്റെ കഴിവുകളെ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ അടൂർ തിരുഹൃദയ ഇടവക പള്ളിയ്ക്കും, വിശ്വാസ സമൂഹത്തിനും എത്രമാത്രം സാധിച്ചുവെന്നത് ചിന്തിക്കേണ്ടതാണ്. സഭയ്ക്കും വിശ്വാസികൾക്കും ഇനിയും ഒരുപാട് കാര്യങ്ങൾ ശാന്തനച്ചനിൽ നിന്നും ലഭിക്കാനുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ അടൂർ വൈദീക ജില്ലാ വികാരി, തിരുഹൃദയ പള്ളി വികാരി, ഹോളി ഏഞ്ചൽസ് സ്കൂൾ പ്രിൻസിപ്പൽ എന്നീ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഒരു കുടക്കീഴിലെന്നപോലെ അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചു. അടൂരിലെ എക്യുമെനിക്കൽ മേഖലകളിൽ മറ്റിതര സഭകളെ സ്നേഹത്തോടെ കൂട്ടിയിണക്കാനും സഭയുടെ സാന്നിധ്യം എല്ലായിടത്തും വ്യാപിപ്പിക്കാനും അദ്ദേഹം കാട്ടിയ തീക്ഷ്ണതയുടെ ആഴം അളക്കാൻ അടൂരിലെ സാധാരണക്കാരായ ഓരോ വ്യക്തിയുടെയും വാക്കുകളിൽ നിറയുന്ന ആദരവും സ്നേഹവും തന്നെ ധാരാളം.

അജി ജോസഫ് ✍️

തിന്മയോട് ക്രൂരതയും നന്മയോട് അളവറ്റ ശാന്തതയും പുലർത്തിയ ആ വലിയ ഇടയൻ, അടൂർ പള്ളിയിൽ മായാത്ത ചായങ്ങൾ കൊണ്ട് തീർത്ത ഒരു ചിത്രം പോലെ ഓർമ്മകൾ ബാക്കിവെച്ച് തന്റെ പുതിയ ശുശ്രൂഷാ ദൗത്യത്തിലേക്ക് ശാന്തനച്ചൻ താൽക്കാലികമായി യാത്രയാകുന്നു.

അടൂർ പള്ളി ശാന്തനച്ചനായി കാത്തിരിക്കുന്നു… എന്നും സ്നേഹത്തോടെ!