ഇറാന്റെ ആണവ അവകാശങ്ങൾ നിഷേധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് യാതൊരു നീതീകരണവുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ആണവ വിഷയത്തിൽ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ട്രംപിന്റെ അധികാരത്തെ ചോദ്യം ചെയ്ത് ഇറാൻ പ്രസിഡന്റ് രംഗത്തെത്തിയത്. ‘ഇറാന് അവരുടെ ആണവ അവകാശങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് ട്രംപ് പറയുന്നു, എന്നാൽ ഏത് കുറ്റത്തിനാണ് ഇതെന്ന് അദ്ദേഹം പറയുന്നില്ല. ഒരു ജനതയുടെ അവകാശങ്ങൾ നിഷേധിക്കാൻ അദ്ദേഹം ആരാണ്?’ എന്ന് പെസെഷ്കിയാൻ ചോദിച്ചു. ഇറാനിയൻ സ്റ്റുഡന്റ് ന്യൂസ് ഏജൻസിയാണ് (ISNA) പ്രസിഡന്റിന്റെ ഈ പ്രസ്താവന പുറത്തുവിട്ടത്.

അതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ രണ്ടാം ഘട്ട സമാധാന ചർച്ചകൾ അടുത്ത വെള്ളിയാഴ്ചയ്ക്ക് മുൻപ് പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ മുന്നോടിയായി റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസിൽ രണ്ട് അമേരിക്കൻ സി-17 ഗ്ലോബ് മാസ്റ്റർ ഹെവി എയർലിഫ്റ്റ് വിമാനങ്ങൾ ഇറങ്ങി. വിമാനത്താവളത്തിൽ നിന്നും ഇസ്‌ലാമാബാദിലെ റെഡ് സോണിലേക്കുള്ള റോഡുകൾ സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ചിട്ടുണ്ട്. പാകിസ്താൻ സൈനിക മേധാവി ജനറൽ ആസിം മുനീർ ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്നുണ്ട്.