ചൈനയിലെ ലിയാവോണിംഗ് പ്രവിശ്യയിൽ മരിച്ച പിതാവിനോടുള്ള ആദരസൂചകമായി 1.5 കോടി രൂപ (1.1 ദശലക്ഷം യുവാൻ) വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് കാർ മൃതദേഹത്തോടൊപ്പം കുഴിച്ചുമൂടിയ കുടുംബം പുലിവാല് പിടിച്ചു. ഏപ്രിൽ ഒൻപതിന് ലിയാവോയാങ് നഗരത്തിലെ വാഗോ ഗ്രാമത്തിലാണ് തികച്ചും വിചിത്രമായ ഈ സംസ്കാര ചടങ്ങ് നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധികൃതർ ഇടപെടുകയും കുടുംബത്തെക്കൊണ്ട് കാർ തിരികെ പുറത്തെടുപ്പിക്കുകയും ചെയ്തു.
കാറുകൾ ശേഖരിക്കുന്നതിൽ വലിയ താല്പര്യമുണ്ടായിരുന്ന 70 വയസ്സ് പിന്നിട്ട ജിൻ എന്നയാളുടെ ശവസംസ്കാര ചടങ്ങിനിടെയാണ് മക്കൾ ഈ വിചിത്രമായ ആദരവ് നൽകിയത്. കറുത്ത നിറത്തിലുള്ള മെഴ്‌സിഡസ് ബെൻസ് എസ് 450 എൽ മോഡൽ കാറാണ് ഇവർ പിതാവിനായി കുഴിച്ചുമൂടിയത്. കൂടാതെ ചൈനീസ് സംസ്കാരത്തിൽ വലിയ ഭാഗ്യമായി കരുതുന്ന ‘8888’ എന്ന നമ്പറുള്ള ഫാൻസി ലൈസൻസ് പ്ലേറ്റും ഈ കാറിലുണ്ടായിരുന്നു. ഏകദേശം 13 ലക്ഷത്തോളം രൂപ (100,000 യുവാൻ) വിലമതിക്കുന്നതാണ് ഈ പ്രത്യേക ലൈസൻസ് പ്ലേറ്റെന്ന് ദേശീയ മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് വ്യക്തമാകുന്നു.
മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് ഭാരം കൂടിയ കാർ വലിയ കുഴിയിലേക്ക് ഇറക്കിവെച്ചത്. ചുവന്ന തുണികൊണ്ട് മൂടിയ നിലയിലായിരുന്ന കാറിന്റെ വശങ്ങളിലെ കണ്ണാടികളിൽ ചുവന്ന റിബണുകളും കെട്ടിയിരുന്നു. ഇത് മരണാനന്തര ചടങ്ങുകളിലെ ചൈനീസ് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. കുഴിയിലേക്ക് മണ്ണുമാറ്റാൻ സഹായിച്ച ഗ്രാമവാസികൾക്ക് കുടുംബാംഗങ്ങളിൽ ഒരാൾ 500 യുവാൻ വീതം (ഏകദേശം 6,800 രൂപ) പ്രതിഫലമായി നൽകുകയും ചെയ്തു.
വീഡിയോ അതിവേഗം വൈറലായതോടെ ഏപ്രിൽ 10-ന് പ്രദേശത്തെ സിവിൽ അഫയേഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിയമനടപടികൾ ആരംഭിക്കുകയായിരുന്നു. ഒരു വാഹനത്തെ ഇത്തരത്തിൽ ശാസ്ത്രീയമല്ലാതെ കുഴിച്ചുമൂടുന്നത് മണ്ണിനെയും ഭൂഗർഭജലത്തെയും മലിനമാക്കുമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ കുടുംബത്തെ ശക്തമായി ശാസിച്ചു. കൂടാതെ ഭൂവിനിയോഗ നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ഫ്യൂഡൽ അന്ധവിശ്വാസങ്ങൾ ആധുനിക സമൂഹത്തിന് ചേർന്നതല്ലെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ വിലയിരുത്തൽ.
ഉദ്യോഗസ്ഥരുടെ കർശന നിർദ്ദേശത്തെ തുടർന്ന് കുടുംബം കാർ തിരികെ പുറത്തെടുക്കുകയും പരസ്യമായി മാപ്പുപറയുകയും ചെയ്തു. മണ്ണെടുക്കാനും പ്രദേശം പഴയതുപോലെയാക്കാനുമുള്ള ഭീമമായ ചിലവുകൾ കുടുംബം തന്നെ വഹിക്കണം. ഇതിന് പുറമെ ഇവർക്ക് വലിയൊരു തുക പിഴയായും നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ പ്രകാരം ലഭിക്കുന്ന വിവരം. ചൈനീസ് ആചാരപ്രകാരം മരിച്ചവർക്ക് പരലോകത്ത് ഉപയോഗിക്കാനായി പേപ്പർ കൊണ്ട് നിർമ്മിച്ച വീടുകളും കാറുകളും മറ്റ് വീട്ടുപകരണങ്ങളും കത്തിക്കുന്നത് സാധാരണമാണെങ്കിലും, ഇത്തരത്തിൽ യഥാർത്ഥ കാർ തന്നെ കുഴിച്ചുമൂടിയത് അധികൃതരെപ്പോലും അമ്പരപ്പിച്ചു.
സംഭവത്തിനെതിരെ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. മുപ്പത് ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. സ്വന്തം സമ്പത്ത് പ്രദർശിപ്പിക്കാനുള്ള കുടുംബത്തിന്റെ വ്യഗ്രതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പലരും ആരോപിച്ചു. ‘ഇവർ പരലോകത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും ഭൂമിയിലുണ്ടാക്കുന്ന മലിനീകരണത്തെ അവഗണിക്കുകയും ചെയ്യുന്നു’ എന്ന് ഒരു ഉപയോക്താവ് വിമർശിച്ചു. സമ്പന്നരുടെ ഇത്തരം പ്രവൃത്തികൾ ലോകത്തിന് തന്നെ ഭീഷണിയാണെന്നും, ഇവർ നികുതി വെട്ടിപ്പ് പോലെയുള്ള മറ്റ് നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും മറ്റ് ചിലർ ആവശ്യപ്പെട്ടു. എന്നാൽ ഇത് കേവലം മരിച്ച വ്യക്തിയോടുള്ള സ്നേഹപ്രകടനമാണെന്ന് വാദിക്കുന്നവരുമുണ്ട്.



