കാനഡ റവന്യൂ ഏജന്‍സിയുടെ (CRA) സുരക്ഷാ സംവിധാനങ്ങളെയും പരിശോധനകളെയും പരിഹസിച്ചുകൊണ്ട് വീണ്ടും വന്‍ സാമ്പത്തിക വെട്ടിപ്പ്. ബി.സി.യിലെ ഒരു ബിസിനസുകാരി സമര്‍പ്പിച്ച ‘അവിശ്വസനീയവും യുക്തിരഹിതവുമായ’ നികുതി റിട്ടേണ്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ട ഏജന്‍സി, ഇവര്‍ക്ക് 5 മില്യണ്‍ ഡോളര്‍ (ഏകദേശം 50 ലക്ഷം ഡോളര്‍) റീഫണ്ടായി നല്‍കി.

ബി.സി.യിലെ സില്‍വര്‍ട്ടണില്‍ പ്രതിവര്‍ഷം വെറും 54,000 ഡോളര്‍ വരുമാനമുള്ള ഹെമ്പ് സംസ്‌കരണ ബിസിനസ് നടത്തുന്ന തെരേസ വാലസ് എന്ന സ്ത്രീയാണ് സി.ആര്‍.എയെ കബളിപ്പിച്ചത്. 2023-ല്‍ തനിക്ക് 9,999,999 ഡോളര്‍ വിദേശ വരുമാനം ലഭിച്ചുവെന്നും ആ തുക മുഴുവനായി (100 ശതമാനം നികുതി!) കനേഡിയന്‍ നികുതിയായി അടച്ചുവെന്നുമാണ് ഇവര്‍ റിട്ടേണില്‍ അവകാശപ്പെട്ടത്. ഈ വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തില്‍, താന്‍ അധികമായി അടച്ച നികുതി തിരികെ വേണമെന്ന് ആവശ്യപ്പെട്ട ഇവര്‍ക്ക് കഴിഞ്ഞ മേയ് മാസത്തില്‍ ഏജന്‍സി പണം അനുവദിക്കുകയായിരുന്നു.

സി.ആര്‍.എയുടെ പരിശോധനാ വിഭാഗം മാന്വല്‍ റിവ്യൂവിന് നിര്‍ദ്ദേശിച്ചിരുന്ന ഫയലായിരുന്നിട്ടും, രണ്ട് ഉദ്യോഗസ്ഥര്‍ ഇത് പരിശോധന കൂടാതെ അംഗീകരിച്ചു എന്നത് ഏജന്‍സിക്കുള്ളിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കപ്പെടുന്നു. വിദേശ വരുമാനത്തിന്റെ സ്രോതസ്സ് ചോദിച്ചയിടത്ത് ‘യുണൈറ്റഡ് നേഷന്‍സ്’ എന്ന് വെറും രണ്ട് വാക്ക് മാത്രമാണ് വാലസ് രേഖപ്പെടുത്തിയിരുന്നത്. പണം നല്‍കി രണ്ട് മാസത്തിന് ശേഷം മാത്രമാണ് ഏജന്‍സിക്ക് ഈ അബദ്ധം ബോധ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് വാലസിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ സി.ആര്‍.എ കോടതി ഉത്തരവിട്ടു. പലിശയും പിഴയും ഉള്‍പ്പെടെ 7.9 മില്യണ്‍ ഡോളര്‍ ഇപ്പോള്‍ ഇവര്‍ ഏജന്‍സിക്ക് തിരികെ നല്‍കാനുണ്ട്. സമാനമായ രീതിയില്‍ മുന്‍പും മില്യണ്‍ കണക്കിന് ഡോളര്‍ വ്യാജ റിട്ടേണുകള്‍ക്കായി സി.ആര്‍.എ നല്‍കിയത് വലിയ വിവാദമായിരുന്നു.