വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. സംഭവത്തെ ‘ജനാധിപത്യത്തിന്റെ വലിയ വിജയം’ എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്. പ്രതിപക്ഷ ഐക്യത്തിന്റെ കരുത്താണ് ഈ ഫലമെന്നും അധികാരത്തിൽ തുടരാനുള്ള ഭരണപക്ഷത്തിന്റെ ഗൂഢാലോചനയ്ക്ക് ഏറ്റ തിരിച്ചടിയാണിതെന്നും അവർ അവകാശപ്പെട്ടു. ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെയുള്ള വിജയം കൂടിയാണിത്. ഭരണപക്ഷത്തുള്ളവരുടെ മുഖത്ത് ഈ ഫലത്തിന്റെ ആഘാതം പ്രകടമാണെന്നും ഇത് ഭരണഘടനയുടെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണെന്നും പ്രിയങ്ക പറഞ്ഞു. വലിയ രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ തകർന്നത്. എങ്ങനെയെങ്കിലും രാജ്യത്ത് ബി.ജെ.പിയുടെ ഒരു സ്ഥിരം സർക്കാർ രൂപീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പെട്ടെന്ന് സഭ വിളിച്ചുചേർത്തതെന്നും അവർ പറഞ്ഞു.