തമിഴ് സൂപ്പർ താരം വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെയും അദ്ദേഹത്തിന്‍റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) പ്രവർത്തനങ്ങളെയും രൂക്ഷമായി വിമർശിച്ച് സഹനടനും സുഹൃത്തുമായ പ്രകാശ് രാജ്. നടന്മാരോടുള്ള സ്നേഹം അവരുടെ അഭിനയ പാടവത്തോടുള്ളതാണെന്നും അത് രാഷ്ട്രീയ പിന്തുണയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പ്രകാശ് രാജിന്റെ ഈ പരാമർശങ്ങൾ.
പളനിയിൽ സിപിഐ(എം) സ്ഥാനാർത്ഥി എൻ. പാണ്ഡിക്ക് വേണ്ടി പ്രചാരണം നടത്തവെയാണ് പ്രകാശ് രാജ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. തമിഴ്‌നാട്ടിൽ നിലവിൽ മൂന്ന് തരം രാഷ്ട്രീയ മാതൃകകളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു – ദ്രാവിഡ മോഡൽ, ‘അടിമ മോഡൽ’ (Slave Model), പിന്നെ ‘സിനിമ മോഡൽ’. ഇതിൽ വിജയിയുടെ രാഷ്ട്രീയത്തെ സിനിമ മോഡൽ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.



