തമിഴ്‌നാട്ടിലെ വാൽപ്പാറ-പൊള്ളാച്ചി ചുരം പാതയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലപ്പുറം കുരുവ പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥിയും ഉൾപ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അതിരപ്പിള്ളി സന്ദർശിച്ച ശേഷം വാൽപ്പാറയിലേക്ക് പോയ 13 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. വെക്കേഷൻ കാലത്ത് അധ്യാപകരും ജീവനക്കാരും തങ്ങളുടെ മക്കളോടൊപ്പം നടത്തിയ സ്വകാര്യ യാത്രയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അവസാനിച്ചത്.

അപകടവിവരമറിഞ്ഞതോടെ പാങ്ങ് സ്കൂൾ പരിസരത്തേക്ക് പിഎസ്‌ടിഎ അംഗങ്ങളും രക്ഷിതാക്കളും പഞ്ചായത്ത് പ്രതിനിധികളും ഒഴുകിയെത്തി. സ്കൂൾ ഔദ്യോഗികമായി സംഘടിപ്പിച്ച വിനോദയാത്രയായിരുന്നില്ല ഇതെന്നും അധ്യാപകരും ജീവനക്കാരും വ്യക്തിപരമായ താത്പര്യപ്രകാരം നടത്തിയ യാത്രയായിരുന്നുവെന്നും പിടിഎ അംഗങ്ങൾ വ്യക്തമാക്കി. യാത്രയ്ക്കിടെ പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോകൾ കണ്ട് സന്തോഷിച്ചിരുന്നവർക്ക് പിന്നാലെ വന്ന അപകടവാർത്ത വിശ്വസിക്കാനായില്ല.