അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ അടുത്ത ഘട്ടം ചർച്ചകൾ തിങ്കളാഴ്ച പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികൾ ചർച്ചയ്ക്കായി തിങ്കളാഴ്ച ഇസ്ലാമാബാദിൽ എത്തുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ചർച്ചാ പ്രതിനിധി സംഘങ്ങൾ ഞായറാഴ്ച തന്നെ പാകിസ്ഥാനിൽ എത്തിയേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാകുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
അതേസമയം, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.



