വിഷു ദിനത്തിൽ ഭഗവാൻ കൃഷ്ണന്റെ ചിത്രത്തിനൊപ്പം കുഴിമന്തിയുടെ ചിത്രം ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ച സംഭവത്തിൽ ആലപ്പുഴ ചേർത്തലയിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തലയിലെ ‘മെഹർ മന്തി ആൻഡ് ഗ്രിൽസ്’ (Mehar Mandi & Grills) എന്ന റെസ്റ്റോറന്റിന്റെ ഉടമകളായ അർഷാദ്, ഷംനാസ് എന്നിവരെയാണ് ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് നടപടി.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 192 (കലാപമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം) പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏപ്രിൽ 15-ന് വിഷു ദിനത്തിലാണ് വിവാദമായ പോസ്റ്റർ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി പ്രത്യക്ഷപ്പെട്ടത്. ശ്രീകൃഷ്ണൻ്റെ ചിത്രത്തിന് മുന്നിൽ കുഴിമന്തിയും ചിക്കൻ വിഭവങ്ങളും ഇരിക്കുന്ന രീതിയിലുള്ള ചിത്രമാണ് വിശ്വാസികളെ ചൊടിപ്പിച്ചത്.