വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെ തമിഴ്നാടിന്റെയും ദക്ഷിണേന്ത്യയുടെയും വിജയമായി വിശേഷിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. കേന്ദ്ര സർക്കാരിന് ഭൂരിപക്ഷം ലഭിക്കാതെ ബിൽ തള്ളപ്പെട്ടതിന് പിന്നാലെ തമിഴ്നാട്ടിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മണ്ഡല പുനർനിർണ്ണയവുമായി (Delimitation) ബന്ധിപ്പിച്ച് വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് സ്റ്റാലിൻ.
തമിഴ്നാട് പൊരുതി, തമിഴ്നാട് ജയിച്ചു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. “മണ്ഡല പുനർനിർണ്ണയം എന്നത് പ്രാതിനിധ്യത്തെക്കുറിച്ചാണ്, ഇന്ത്യയുടെ ജനാധിപത്യത്തിൽ ആർക്കാണ് ശബ്ദമുണ്ടാകേണ്ടത് എന്നതിനെക്കുറിച്ചാണ്. അത് യൂണിയനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്, മറിച്ച് അതിന്റെ തുലനാവസ്ഥ തകർക്കുകയല്ല. പെരിയാർ നയിച്ച, അണ്ണാദുരൈ പ്രചോദനമായ, കലൈഞ്ജർ കരുത്തുപകർന്ന തമിഴ്നാട് എന്നും നീതിക്കും അന്തസ്സിനും ഫെഡറലിസത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്. തെക്ക് ഒന്നിച്ച് നിന്ന് ശബ്ദമുയർത്തി. ജനാധിപത്യം വിജയിച്ചു,” സ്റ്റാലിൻ കുറിച്ചു.



