വനിതാ സംവരണ ബില്ലിന്റെയും മണ്ഡല പുനർനിർണ്ണയ ബില്ലിന്റെയും മറവിൽ ബിജെപി സർക്കാർ ജനാധിപത്യത്തിന് നേരെ തുറന്ന ആക്രമണം നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി ലോക്സഭയിൽ പറഞ്ഞു. ചർച്ചയുടെ യഥാർത്ഥ ദിശ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. 2023-ൽ ഈ നിയമം വന്നപ്പോൾ കോൺഗ്രസ് പിന്തുണച്ചതാണ്, ഇന്നും പിന്തുണയ്ക്കുന്നു. എന്നാൽ സംവരണം നടപ്പാക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
നിലവിലുള്ള 543 ലോക്സഭാ സീറ്റുകളിൽ തന്നെ 33 ശതമാനം സംവരണം ഉടൻ നടപ്പാക്കാൻ സർക്കാരിന് എന്താണ് തടസ്സമെന്ന് പ്രിയങ്ക ചോദിച്ചു. ലോക്സഭാ സീറ്റുകൾ 850 ആയി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഇത് പുറമെ നല്ലതെന്ന് തോന്നുമെങ്കിലും ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളാണെന്ന് അവർ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ തുടങ്ങിയ സ്വതന്ത്ര സ്ഥാപനങ്ങളെ സമ്മർദ്ദത്തിലാക്കിയ ശേഷം ഇപ്പോൾ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വയനാട് എംപി പറഞ്ഞു. ഈ ബില്ലുകൾ പാസായാൽ ഇന്ത്യയിലെ ജനാധിപത്യം തന്നെ അവസാനിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
വനിതാ സംവരണത്തിന്റെ ചാമ്പ്യന്മാരായി ബിജെപി സ്വയം ചമയുകയാണെന്ന് പ്രിയങ്ക പരിഹസിച്ചു. സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരെ അവർ വേഗത്തിൽ തിരിച്ചറിയും. വനിതാ സംവരണത്തിനായി അടിത്തറയിട്ടത് മോത്തിലാൽ നെഹ്റുവാണെന്ന് അവർ ഓർമ്മിപ്പിച്ചു. പിന്നീട് രാജീവ് ഗാന്ധി പഞ്ചായത്തുകളിലും നഗരസഭകളിലും സംവരണം കൊണ്ടുവന്നു. പി.വി. നരസിംഹ റാവുവിന്റെ കാലത്താണ് അത് പാസാക്കിയത്. 2010-ൽ മൻമോഹൻ സിംഗിന്റെ കാലത്ത് രാജ്യസഭയിൽ വനിതാ ബില്ല് പാസാക്കിയിരുന്നു. 2018-ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ കാര്യവും അവർ ചൂണ്ടിക്കാട്ടി.
മണ്ഡല പുനർനിർണ്ണയത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന കൗശലങ്ങളെ പ്രിയങ്ക രൂക്ഷമായി വിമർശിച്ചു. ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നോക്കി അവർ നടത്തിയ പരാമർശം സഭയിൽ ചിരി പടർത്തി. ‘ഇന്ന് ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ നിങ്ങളുടെ ഈ കൗശലം കണ്ട് അദ്ദേഹം പോലും ഞെട്ടിപ്പോകുമായിരുന്നു’ എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഒബിസി വിഭാഗത്തിൻ്റെ സംവരണ കാര്യത്തിൽ 2011 മുതൽ ബിജെപി സർക്കാർ അനീതി കാണിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇതിന് വ്യക്തമായ മറുപടിയില്ലെന്നും അവർ ലോക്സഭയിൽ വ്യക്തമാക്കി.



