ചെന്നൈ: മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഡിഎംകെ ആഹ്വാനം ചെയ്ത കരിങ്കൊടി പ്രതിഷേധം ഇന്ന്. വീടുകളിലും പൊതുവിടങ്ങളിലുമെല്ലാം കറുത്ത കൊടി ഉയർത്തണമെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ നിർദേശം. ഡിഎംകെ എംപിമാർ ഇന്ന് പാർലമെന്‍റിൽ കറുത്ത വസ്ത്രം ധരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബിജെപി തീ കൊണ്ട് കളിക്കുകയാണ്. ദക്ഷിണേന്ത്യ കോപം കൊണ്ട് തിളക്കുകയാണ്. ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയതിന് ദക്ഷിണേന്ത്യയെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
തമിഴ്‌നാടിന്റെ ശബ്ദം കേൾക്കാൻ വിസമ്മതിക്കുകയും പിൻവാങ്ങുകയും ചെയ്താൽ കേന്ദ്ര സർക്കാർ അതിന്‍റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും അതിന് കനത്ത വില നൽകേണ്ടിവരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡിഎംകെ പ്രസിഡന്‍റ് എന്ന നിലയിലും എല്ലാറ്റിനുമുപരി ഒരു ആത്മാഭിമാനമുള്ള തമിഴൻ എന്ന നിലയിലും ഞാൻ വീണ്ടും മുന്നറിയിപ്പ് നൽകുന്നുവെന്ന് പറഞ്ഞാണ് സ്റ്റാലിൻ എക്സ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.



