വാഷിംഗ്ടൺ: ഇറാനുമായി നടക്കുന്ന സമാധാന ചർച്ചയിൽ ലബനൻ വെടിനിർത്തൽ ഇല്ലെന്നു അമേരിക്ക. ലബനിനിലെ പ്രശ്നം മറ്റൊരു വിഷയമാണ്. ഇറാനുമായുള്ള സമാധാന ചർച്ചയിൽ അത് ഉൾപ്പെടില്ല. ഇസ്രയേലിനോട് ലബനനിലെ ഹിസ്ബുള്ളയ്ക്കെതിരേ നടത്തുന്ന ആക്രമണം നിർത്താൻ ആവശ്യപ്പെടില്ലെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ആക്സിയോസ്’ (Axios) റിപ്പോർട്ട് ചെയ്തു.

വെടിനിർത്തൽ സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യാൻ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ബുധനാഴ്ച യോഗം ചേർന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ. അതേസമയം, യുദ്ധം അവസാനിക്കുന്നതിനെ പ്രസിഡന്‍റ് ട്രംപ് സ്വാഗതം ചെയ്യുമെന്നും അതിൽ അദ്ദേഹം സന്തുഷ്ടനായിരിക്കുമെന്നും മറ്റൊരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതിനിടെ, കാബിനറ്റ് യോഗത്തിൽ ലബനൻ വിഷയം ചർച്ച ചെയ്തെന്നും എന്നാൽ യുദ്ധം നിർത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമൊന്നും ഉണ്ടായില്ലെന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധ്യക്ഷതയിൽ ഇസ്രായേൽ, ലബനൻ നയതന്ത്രജ്ഞർ പങ്കെടുത്ത യോഗത്തിനു ശേഷമാണ് ഈ വിഷയം സജീവ ചർച്ചയായത്. ഈ യോഗത്തിൽ ലബനൻ പ്രതിനിധികൾ വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.

അതേസമയം, ഇറാൻ സമാധാനചർച്ചയിൽ ലബനൻ വിഷയം ഉൾപ്പെടുത്തില്ലെന്ന യുഎസ് നിലപാട് ഇറാൻ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് നിരീക്ഷകർ. ഇസ്‌ലാമാബാദ് ചർച്ചയിലും ഇറാൻ പ്രധാന ആവശ്യങ്ങളിലൊന്ന് ഇറാനെ അനുകൂലിക്കുന്ന ലബനനിലെ ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നതായിരുന്നു.