അമേരിക്കൻ പ്രസിഡൻ്റ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള നയതന്ത്ര ബന്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാൻ യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാൻ മെലോണിക്ക് ‘ധൈര്യമില്ലെന്ന്’ ട്രംപ് പരസ്യമായി ആക്ഷേപിച്ചു. ഇറ്റാലിയൻ മാധ്യമമായ കോറിയർ ഡെല്ല സെറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് മെലോണിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. പശ്ചിമേഷ്യൻ യുദ്ധമുഖത്ത് സഖ്യകക്ഷികൾക്കിടയിൽ നിലനിൽക്കുന്ന ഭിന്നത ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

‘ഇറാൻ യുദ്ധത്തിൽ ജോർജിയ മെലോണി ഞങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നില്ല. ഇത് എന്നെ ഞെട്ടിച്ചിരിക്കുകയാണ്’ – ട്രംപ് പറഞ്ഞു. ഇറ്റലിയുടെ എണ്ണ വിതരണം ഉറപ്പാക്കാൻ മെലോണി ഒന്നും ചെയ്യുന്നില്ലെന്നും ജനങ്ങൾക്ക് ഇത് ഇഷ്ടമാകുമോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. നാറ്റോ നയങ്ങളിലും ആണവായുധങ്ങൾ ഇല്ലാതാക്കാനുള്ള വാഷിംഗ്ടണിൻ്റെ നീക്കങ്ങളിലും ഇറ്റാലിയൻ സർക്കാർ പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. മെലോണിയുമായി മാസങ്ങളായി താൻ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. താൻ കരുതിയതിനേക്കാൾ വളരെ വ്യത്യസ്തമായ നിലപാടാണ് മെലോണി ഇപ്പോൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു മാസം മുൻപ് വരെ മെലോണിയെ തൻ്റെ ഉറ്റ സുഹൃത്തെന്നും മികച്ച നേതാവെന്നും വിശേഷിപ്പിച്ചിരുന്ന ട്രംപിൻ്റെ നിലപാടിൽ വലിയ മാറ്റമാണ് ദൃശ്യമാകുന്നത്. ‘മെലോണി ഇപ്പോൾ പഴയ വ്യക്തിയല്ല. ഇറ്റലി ഇനി പഴയ രാജ്യവുമാകില്ല’ – ട്രംപ് പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധത്തിലെ ഇറ്റലിയുടെ നിസ്സംഗത അംഗീകരിക്കാനാവില്ലെന്നും സഖ്യകക്ഷികൾക്കിടയിലെ ഈ വിള്ളൽ യുദ്ധത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിംഗ്ടണിൻ്റെ തന്ത്രപ്രധാനമായ നീക്കങ്ങളിൽ ഇറ്റലി വിട്ടുനിൽക്കുന്നത് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഇതേ അഭിമുഖത്തിൽ ലിയോ പതിനാലാമൻ മാർപാപ്പയെയും അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് രൂക്ഷമായി വിമർശിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തെ അപലപിച്ച മാർപാപ്പയുടെ നിലപാടിനോട് തനിക്ക് വിയോജിപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു. ‘മാർപാപ്പയ്ക്ക് ഇറാന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരു ധാരണയുമില്ല. അദ്ദേഹം ഈ വിഷയത്തിൽ അഭിപ്രായം പറയേണ്ടതില്ല’ – ട്രംപ് വ്യക്തമാക്കി. ഇറ്റലിയും വത്തിക്കാനും പശ്ചിമേഷ്യൻ സമാധാനത്തിന് വേണ്ടി നടത്തുന്ന നീക്കങ്ങൾ ട്രംപ് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.