തിരുവനന്തപുരം: ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റിക്കാർഡിലേക്ക്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 6,000 മെഗാവാട്ട് കടന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് വൈദ്യുതി ഉപയോഗം 6,012 മെഗാവാട്ട് ആയത്. ഏപ്രിൽ 13ന് രേഖപ്പെടുത്തിയ 5,933 മെഗാവാട്ടായിരുന്നു മുൻ റിക്കാർഡ്.
ചൊവ്വാഴ്ചത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റ് ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം എട്ടു ലക്ഷം യൂണിറ്റിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ചൂട് വർധിച്ചതോടെ വീടുകളിൽ എസി, കൂളർ എന്നിവയുടെ ഉപയോഗം വർധിച്ചതാണ് ഉപയോഗം കൂടാൻ കാരണം.
വൈദ്യുതി ഉപയോഗം 6,000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെത്തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഉത്പാദനം കൂട്ടുമെന്ന നിലപാടിലാണ് കെഎസ്ഇബി.



