പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ കർശനമായ ഉപരോധം ലംഘിച്ച് ചരക്ക് കപ്പലുകൾ സഞ്ചരിക്കുന്നതായി റിപ്പോർട്ട്. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ രണ്ട് കപ്പലുകൾ ഇതിനോടകം ഹോർമുസ് കടലിടുക്ക് കടന്നതായി ബിബിസി വെരിഫൈ (BBC Verify) സ്ഥിരീകരിച്ചു. കൊമോറോസ് പതാക വെച്ച് സഞ്ചരിക്കുന്ന എൽപിസ് (Elpis) എന്ന കപ്പലാണ് ഉപരോധം വകവെക്കാതെ യാത്ര തുടർന്നത്. ഇറാന്റെ ബുഷെഹർ തുറമുഖത്ത് നിന്ന് ശേഖരിച്ച ചരക്കാണ് ഈ കപ്പലിലുള്ളതെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങളും കപ്പൽ ട്രാക്കിംഗ് ഡാറ്റയും സൂചിപ്പിക്കുന്നു.

മലേഷ്യൻ കമ്പനിയായ ചാർട്ട്കെമിക്കലിന്റെ ഉടമസ്ഥതയിലുള്ളതാണ് എൽപിസ് എന്ന കപ്പൽ. എന്നാൽ കൊമോറോസ് സർക്കാരിന്റെ അനുമതിയില്ലാതെ വ്യാജ പതാക ഉപയോഗിച്ചാണ് ഈ കപ്പൽ സഞ്ചരിക്കുന്നതെന്ന് കപ്പൽ വിവരങ്ങൾ ശേഖരിക്കുന്ന ഇക്വേസിസ് (Equasis) റിപ്പോർട്ട് ചെയ്തു. ഈ കപ്പൽ നിലവിൽ എവിടെയാണെന്ന വിവരം പൊതുവായി ലഭ്യമാക്കാതെയാണ് സഞ്ചാരം തുടരുന്നത്. ഇതിന് പുറമെ ഉപരോധ പട്ടികയിലുള്ള റിച്ച സ്റ്റാറി (Rich Starry) എന്ന മറ്റൊരു കപ്പലും ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ടുണ്ട്. യുഎഇയിൽ നിന്നുള്ള ചരക്കുമായി ചൈന ലക്ഷ്യമിട്ടാണ് ഈ കപ്പലിന്റെ യാത്രയെന്ന് കരുതുന്നു.

അമേരിക്കൻ ഉപരോധവും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും കാരണം ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനികളിലൊന്നായ ഹാപക്-ലോയ്ഡിന്റെ ആറ് കപ്പലുകൾ ഹോർമുസ് കടലിടുക്കിന് സമീപം കുടുങ്ങിക്കിടക്കുകയാണ്. ഹാംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ കപ്പലുകൾക്ക് എപ്പോൾ യാത്ര തുടരാനാകുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കമ്പനി പ്രതിനിധി നിൽസ് ഹോപ്റ്റ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ‘ഹോർമുസ് കടലിടുക്ക് തുറക്കുന്നത് കാത്തിരിക്കുകയാണ് ഞങ്ങൾ. വരും ദിവസങ്ങളിൽ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിൽ ഒന്നും പറയാനാകില്ല’ – അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിന് നടുവിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന ജീവനക്കാരുടെ അവസ്ഥ ദയനീയമാണെന്ന് ഹാപക്-ലോയ്ഡ് അറിയിച്ചു. രാത്രികാലങ്ങളിൽ ചുറ്റിലും യുദ്ധം നടക്കുന്നത് കണ്ട് കപ്പൽ ജീവനക്കാർ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുകയാണ്. പലർക്കും ഇതൊരു ട്രോമാറ്റിക് അനുഭവമാണെന്നും ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും നിൽസ് ഹോപ്റ്റ് കൂട്ടിച്ചേർത്തു. ഇറാൻ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ സഞ്ചാരം തടയില്ലെന്ന് അമേരിക്കൻ സൈന്യം പറയുമ്പോഴും അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധങ്ങൾ കപ്പൽ കമ്പനികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.