ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്. ഇറാൻ ലോകത്തെ ‘ബ്ലാക്ക്മെയിൽ’ ചെയ്യുകയാണെന്നും അത് അനുവദിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. ഉപരോധം ഏർപ്പെടുത്തി മൂന്ന് മണിക്കൂറിന് ശേഷമാണ് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടയുന്നത് അമേരിക്കയെ ബാധിക്കില്ലെന്നും രാജ്യം ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ എണ്ണ ശേഖരിക്കുന്നതിനായി നിരവധി കപ്പലുകൾ രാജ്യത്തേക്ക് വരുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ അധികൃതർക്ക് സമാധാന ഉടമ്പടി ഉണ്ടാക്കാൻ വലിയ താല്പര്യമുണ്ടെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് വെളിപ്പെടുത്തി. ഇന്ന് രാവിലെ തന്നെ ബന്ധപ്പെട്ട ആളുകൾ എന്നെ വിളിച്ച് ഇക്കാര്യത്തിൽ താല്പര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇറാൻ ഒരു കാരണവശാലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ അമേരിക്ക ഉറച്ചുനിൽക്കുകയാണ്. സമാധാന ചർച്ചകളിലെ പ്രധാന തർക്കവിഷയം ഇതാണെന്നും പല കാര്യങ്ങളിലും ധാരണയായെങ്കിലും ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഒടുവിൽ അവർ തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വിട്ടുവീഴ്ചയില്ലെങ്കിൽ കരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



