യോനി വഴിയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ തന്നെ ഒരു കൗമാരക്കാരി ഗർഭിണിയായെന്ന അവകാശവാദം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. “ഓറൽ കൺസെപ്ഷൻ” (Oral conception) എന്ന് വിളിക്കപ്പെടുന്ന ഈ സംഭവം ജൈവശാസ്ത്രപരമായി സാധ്യമാണോ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.

എങ്കിലും, പെനിട്രേറ്റീവ് സെക്‌സില്ലാതെ ഗർഭം ധരിക്കുന്നത് അപൂർവമാണെങ്കിലും, ചില സാഹചര്യങ്ങളിൽ ഇത് അസാധ്യമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. 

ഡൽഹിയിലെ സികെ ബിർള ആശുപത്രിയിലെ പ്രസവചികിത്സ, ഗൈനക്കോളജി ഡയറക്ടർ ഡോ. ത്രിപ്തി രഹേജ വിശദീകരിക്കുന്നത് ഇങ്ങനെയാണ്; ഒരു അണ്ഡത്തെ ബീജസങ്കലനം നടത്തുന്നതിന് ബീജം യോനീനാളത്തിൽ എത്തിയാൽ മാത്രം മതി. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെങ്കിൽ പോലും ജനനേന്ദ്രിയങ്ങൾ തമ്മിലുള്ള ഉരസൽ പോലുള്ള സന്ദർഭങ്ങളിൽ ശുക്ലമോ പ്രീ-ഇജാക്യുലേറ്റോ യോനിയുടെ പുറത്ത് സമ്പർക്കം പുലർത്തുകയാണെങ്കിൽ ഇത് സംഭവിക്കാം.

ചില സന്ദർഭങ്ങളിൽ, വിരലുകൾ. സെക്സ് ടോയ്സ് അല്ലെങ്കിൽ ആകസ്മികമായ സമ്പർക്കം എന്നിവയിലൂടെ ബീജം യോനിക്കുള്ളിൽ പ്രവേശിച്ചാൽ, അത് ഫാലോപ്യൻ ട്യൂബുകളിലേക്ക് സഞ്ചരിക്കുകയും ഗർഭധാരണത്തിന് കാരണമാവുകയും ചെയ്യാം. പ്രത്യേകിച്ച് സ്ത്രീയുടെ അണ്ഡോൽപാദന സമയത്ത് (fertile window).

ഇത്തരം സംഭവങ്ങൾ നടക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും തീരെയില്ലെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സുരക്ഷിതമായ ശാരീരിക ബന്ധങ്ങൾ പുലർത്തേണ്ടതിന്റെയും ആർത്തവ ചക്രത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച

ഗൈനക്കോളജിസ്റ്റ് ഡോ. അങ്കിത ഷഹാസനെ ഇത്തരം ഒരു കേസിനെ കുറിച്ച് സംസാരിച്ചതോടെയാണ് ഈ ചർച്ചകൾക്ക് വീണ്ടും തുടക്കം കുറിച്ചത്. പ്രശസ്തമായ മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിച്ച അപൂർവ റിപ്പോർട്ടുകളെ ഉദ്ധരിച്ചായിരുന്നു അവരുടെ വിശകലനം. ഈ വിശദീകരണം ഞെട്ടിപ്പിക്കുന്നതാണെങ്കിലും, സാധാരണ ജൈവ പ്രക്രിയകളെയും വളരെയധികം അപൂർവമായ മെഡിക്കൽ കേസുകളെയും വേർതിരിച്ച് കാണണമെന്നും ഊഹാപോഹങ്ങളിലല്ല, ശാസ്ത്രീയമായ അറിവുകളിലാണ് വിശ്വസിക്കേണ്ടതെന്നും വിദഗ്ധർ ഊന്നിപ്പറയുന്നു.