നെടുമങ്ങാട്: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം നിതിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.
കാന്പസിനുള്ളിലെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് മകന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് മാതാപിതാക്കൾ അന്വേഷണ സംഘത്തോട് ആവർത്തിച്ചു. ഡോക്ടറാക്കാൻ അയച്ച മകനെ അവർ കൊന്നു കളയുകയായിരുന്നെന്നും നിതിൻ നേരിട്ട ജാതി അധിക്ഷേപങ്ങളും മാനസിക സംഘർഷങ്ങളും മറച്ചുവെക്കാൻ ’ലോണ്‍ ആപ്പ്’ പരാതിയെ ആയുധമാക്കുകയാണെന്നും കുടുംബം അന്വേഷണ സംഘത്തിനു മൊഴി നൽകി.
ഭീഷണി കോളുകൾ വന്നതായി പറയുന്ന അധ്യാപിക ഒരിക്കൽ പോലും അക്കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും മരണത്തിലേക്ക് നയിച്ച കാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്നും മകന് നീതി ലഭിക്കണമെന്നും നിതിന്റെ പിതാവ് പ്രതികരിച്ചു.
മകന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു പിതാവ് രാജൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സർക്കാർ നിതിന്റെ കുടുംബത്തോടൊപ്പമാണെന്നും നീതി ഉറപ്പാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. പോലീസ് അന്വേഷണത്തിന് പുറമെ ആരോഗ്യ സർവകലാശാല നിയോഗിച്ച പ്രത്യേക സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



