വിജയ് നായകനായ ജനനായകൻ എന്ന സിനിമയുടെ ചോർന്ന ദൃശ്യങ്ങൾ കണ്ടതായി സമ്മതിച്ച് നടി കസ്‌തൂരി ശങ്കർ. ഈ ചിത്രം വിജയ്മുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) മൂന്ന് മണിക്കൂർ നീളുന്ന പ്രചാരണമാണെന്നാണ് കസ്‌തൂരി ആരോപിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇനിയും പ്രദർശനാനുമതി കിട്ടാത്ത സിനിമയുടെ ദൃശ്യങ്ങൾ ചോർന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
സിനിമയിലെ ദൃശ്യങ്ങൾ വാട്‌സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് താൻ കണ്ടതെന്ന് കസ്തൂരി വെളിപ്പെടുത്തി. ഈ സിനിമ ജനങ്ങൾ കാണുന്നത് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് ഗുണകരമാകും. വിജയ് വിമർശിക്കുന്ന ബിജെപിക്കോ ഡിഎംകെയ്ക്കോ ഇതിൽ പങ്കില്ല. സിനിമയിലെ ഓരോ വാക്കും ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഇത് ചോർത്തിയതെന്ന് താൻ കരുതുന്നതായും കസ്തൂരി കൂട്ടിച്ചേർത്തു.
സെൻസർ ബോർഡിന്റെയും (CBFC) വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും കണ്ണുവെട്ടിച്ച് എങ്ങനെയാണ് സിനിമയുടെ ഉയർന്ന ഗുണമേന്മയുള്ള പതിപ്പ് പുറത്തുവന്നതെന്ന് കസ്തൂരി ചോദിച്ചു. സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് തടയാൻ ഡിഎംകെ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും കസ്തൂരി കുറ്റപ്പെടുത്തി. തമിഴ്‌നാട് രാഷ്ട്രീയത്തെ കേന്ദ്രീകരിക്കുന്ന സിനിമയായതിനാലാണ് ഭരണകൂടം ഇതിന്റെ റിലീസ് തടയുന്നതെന്നാണ് അവരുടെ വാദം.
വിജയ്‌യോട് അനുഭാവമുള്ള ഒരാളിൽ നിന്നാണ് ചോർച്ചയുണ്ടായതെന്നും അവർ അവകാശപ്പെട്ടു. “ഈ സിനിമ ജനങ്ങൾ കണ്ടാൽ അത് അവരെ സ്വാധീനിക്കുകയും ടിവികെയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും. ജനങ്ങളിൽ സ്വാധീനം ചെലുത്താനും അത് വോട്ടായി മാറ്റാനുമാകും ഇത്തരം നീക്കങ്ങൾ.” കസ്തൂരി പറഞ്ഞു.
ജനനായകന്റെ എച്ച്ഡി ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കെവിഎൻ പ്രൊഡക്ഷൻസിന്റെ പരാതിയിൽ ചെന്നൈ സൈബർ ക്രൈം പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. ആറുപേരേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അന്വേഷണം പുരോഗമിക്കുകയാണ്. ചിത്രം പ്രചരിപ്പിച്ച 300-ഓളം ലിങ്കുകൾ നീക്കം ചെയ്തു. പരാതിക്ക് പിന്നാലെ ഭാരതീയ ന്യായ സംഹിതയുടേയും ഐടി ആക്ടിന്റേയും പകർപ്പവകാശ നിയമത്തിന്റേയും സിനിമാറ്റോഗ്രഫി ആക്ടിന്റേയും വിവിധ വകുപ്പുകൾ ചേർത്ത് സംസ്ഥാന സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ സെന്റർ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിനായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചിരുന്നു.
ക്ലൗഡ് സ്‌റ്റോറേജ് പ്ലാറ്റ്‌ഫോമുകളിൽ ചിത്രം അപ്‌ലോഡ് ചെയ്തശേഷം ലിങ്കുകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അറസ്റ്റിലായവരിൽനിന്ന് ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തു. നിർമാതാക്കളുടെ പരാതിയിൽ 21 പേർക്കെതിരേയാണ് കേസെടുത്തത്.



