ടെഹ്‌റാൻ: ഇസ്ലാമാബാദിൽ യുഎസുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക പ്രതികരണം നടത്തി ഇറാൻ പ്രതിനിധി സംഘത്തിന് നേതൃത്വംനൽകിയ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ്. മുൻകാലത്തെ രണ്ട് യുദ്ധങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ യുഎസ് പക്ഷത്തെ തങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നില്ലെന്ന് ഘാലിബാഫ് എക്‌സിൽ കുറിച്ച പ്രസ്താവനയിൽ അറിയിച്ചു.

‘ചർച്ചാ ഘട്ടങ്ങളിൽ എതിർപക്ഷം ഇറാനിയൻ പ്രതിനിധി സംഘത്തിന്റെ വിശ്വാസം നേടുന്നതിൽ പരാജയപ്പെട്ടു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവായുധം, ഹോർമുസ് തുടങ്ങിയ വിഷയങ്ങളേച്ചൊല്ലി സമാധാന കരാറുണ്ടാക്കാൻ സാധിക്കാതെ ഇറാൻ യുഎസ് ചർച്ച വഴിപിരിഞ്ഞിരുന്നു.

‘ഞങ്ങൾക്ക് ആവശ്യമായ നല്ല വിശ്വാസവും ഇച്ഛാശക്തിയുമുണ്ട്. എന്നാൽ, മുൻ രണ്ട് യുദ്ധങ്ങളുടെ അനുഭവങ്ങൾ കാരണം, എതിർപക്ഷത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നില്ല. ഇറാന്റെ ദേശീയ പ്രതിരോധത്തിന്റെ 40 ദിവസത്തെ നേട്ടങ്ങൾ ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങൾ ഒരു നിമിഷംപോലും നിർത്തുകയില്ല’ ഇറാൻ സ്പീക്കർ പറഞ്ഞു.

ചർച്ചകൾ തീക്ഷ്ണതയോടെയുള്ളതായിരുന്നുവെന്ന് പറഞ്ഞ ഘാലിബാഫ്, നടപടിക്രമങ്ങൾ സുഗമമാക്കിയതിലും മധ്യസ്ഥത വഹിച്ചതിലും പാകിസ്താന് നന്ദി പറയുന്നുവെന്നും കൂട്ടിച്ചേർത്തു.

ഇസ്ലാമാബാദിൽ നടന്ന ചർച്ച 21 മണിക്കൂറോളം നീണ്ടിരുന്നു. അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, സമാധാന കരാറില്ലാതെ ചർച്ചകൾ അവസാനിച്ചതായി യുഎസിനെ പ്രതിനിധീകരിച്ച വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു.

ആണവായുധവുമായി ബന്ധപ്പെട്ടാണ് ചർച്ച ഉടക്കിയതെന്നും അതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ കാര്യാണ്. ഇത് അമേരിക്കയെക്കാൾ ഇറാനെയാണ് കൂടുതൽ ബാധിക്കുക എന്ന് ഞാൻ കരുതുന്നു. അതിനാൽ, ഞങ്ങൾ ഒരു ഉടമ്പടിയിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്… ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല… ചർച്ചകളിൽ എന്തെങ്കിലും കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാകിസ്താന്റെ ഭാഗത്തുനിന്നല്ല. അവർ അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികൾക്കും ഞങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താൻ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങൾ ഇപ്പോൾ 21 മണിക്കൂറായി ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഇറാനികളുമായി ധാരാളം വിഷയങ്ങൾ ചർച്ച ചെയ്തു. അതാണ് നല്ല വാർത്ത. ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വാർത്ത’, വാൻസ് പറഞ്ഞു.