ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. അന്താരാഷ്ട്ര കപ്പൽ ചാലിൽ ഇറാൻ സ്ഥാപിച്ച കുഴിബോംബുകൾ നീക്കം ചെയ്യാൻ അമേരിക്കൻ യുദ്ധക്കപ്പലുകൾ ശ്രമിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. എന്നാൽ തങ്ങളുടെ ജലാതിർത്തിയിൽ കടന്നുകയറാൻ ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നിലവിൽ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്.
പ്രതിദിനം 12 കപ്പലുകൾക്ക് മാത്രമേ അനുമതി നൽകൂ എന്ന കർശന നിലപാടിലാണ് ഇറാൻ വിപ്ലവ ഗാർഡുകൾ. അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ള കപ്പലുകൾക്ക് കടലിടുക്കിലൂടെ പ്രവേശനം നിഷേധിക്കാനാണ് ഇറാന്റെ നീക്കം. ഈ നീക്കം ആഗോള എണ്ണ വിപണിയെയും ലോക സമ്പദ്വ്യവസ്ഥയെയും തകിടം മറിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ഭയപ്പെടുന്നു.



