മുക്കം ചെറുവാടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ താമരശേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നല്‍കുകയായിരുന്നു. പിന്നാലെയാണ് കോടതിക്ക് പുറത്ത് അടിപിടിയുണ്ടായത്.മുക്കം സ്വദേശിനിയായ 20 കാരിയെ ഈ മാസം നാലാം തീയതി മുതലാണ് കാണാതായത്. തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച പെണ്‍കുട്ടിയും കാമുകനായ കാരശേരി സ്വദേശിയും മുക്കം പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പ്രായപൂർത്തിയായ യുവതിയായതിനാല്‍ പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം പോവാൻ കോടതി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് പുറത്തിറങ്ങിയതോടെ നിക്കാഹ് നടത്തി തരാം, ഇങ്ങള് തങ്ങള്‍ക്കൊപ്പം വരാണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചതോടെ കാമുകൻ തടയുകയായിരുന്നു. ഇത് വാക്കേറ്റത്തിലും കൈയാങ്കളിയിലും ഉണ്ടായി. ഇതോടെ കാമുകന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ അവരുടെ കാറില്‍ കയറ്റിക്കൊണ്ട് പോവുകയും ചെയ്തു.



