തെരഞ്ഞെടുപ്പിനു ശേഷമുള്ള പ്രാഥമിക വിലയിരുത്തലിലാണ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന വിലയിരുത്തല്‍. നേമം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. പാലക്കാട്, നേമം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നേരത്തെ തന്നെ വിജയപ്രതീക്ഷയിലായിരുന്നു ബിജെപി. ഇതിനൊപ്പം കാസർകോട് കൂടി ലഭിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഷാനവാസ് പാദൂർ മത്സരരംഗത്തിറങ്ങിയത് തങ്ങള്‍ക്ക് നേട്ടമായിട്ടുണ്ടെന്നാണ് എൻഡിഎ പറയുന്നത്.

ഷാനവാസ് പാദൂർ മത്സരിച്ചത് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചു. ഇത് എംഎല്‍ അശ്വിനിയുടെ വിജയത്തിന് സഹായകമാകും. കാസർകോട് നിയമസഭ മണ്ഡലത്തില്‍ 78.81 ശതമാനമായിരുന്നു പോളിങ്. നിലവില്‍ യുഡിഎഫിലെ മുസ്ലിം ലീഗിൻ്റെ കൈയിലാണ് മണ്ഡലം. ഷാനവാസ് മത്സരിച്ചതോടെ വോട്ടുകള്‍ വിഭജിച്ചെന്നും ഇത് എൻഡിഎയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നുമാണ് ബിജെപി നേതൃത്വത്തിൻ്റെ വിലയിരുത്തല്‍.

നാല് സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തുന്ന ബിജെപി മറ്റ് മൂന്നിടത്ത് കൂടി വിജയ സാധ്യത കൂടുതലാണെന്നും പറയുന്നുണ്ട്. കഴക്കൂട്ടം, ചാത്തന്നൂർ, തൃശൂർ എന്നിവിടങ്ങളിലാണ് പ്രതീക്ഷ. കാട്ടാക്കട, വട്ടിയൂർക്കാവ്, തിരുവല്ല എന്നിവിടങ്ങളില്‍ കനത്ത പോരാട്ടമാണ് നടക്കുന്നതെന്നും ബിജെപി വിലയിരുത്തുന്നു.
അവസാന നിമിഷം ഉയർന്നുവന്ന വോട്ടിന് പണം നല്‍കിയെന്നും, കിറ്റ് നല്‍കിയെന്നുമുള്ള വിവാദങ്ങള്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നേമം തിരിച്ചുപിടിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെയാണ് പാർട്ടി ഇറക്കിയെങ്കിലും മണ്ഡലത്തില്‍ ജയം ഇപ്പോഴും ഉറപ്പിക്കാറായിട്ടില്ല. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. കഴക്കൂട്ടം, മഞ്ചേശ്വരം എന്നിവിടങ്ങളിലും മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ടെങ്കില്‍ ബിജെപിയ്ക്ക് തിരിച്ചടിയാകും.