രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള ഹൃദ്യമായ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മഹാത്മാ ജ്യോതിബ ഫൂലെയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പാർലമെന്റിൽ നടന്ന ചടങ്ങിലാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ എതിരാളികൾ തമ്മിലുള്ള ഈ അപൂർവ്വ നിമിഷങ്ങൾ ക്യാമറയിൽ പതിഞ്ഞത്.

ചടങ്ങിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി കൈകൂപ്പി അഭിവാദ്യം ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഇരുവരും വളരെ അടുത്തുനിന്ന് സരസമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു മിനിറ്റോളം നീണ്ടുനിന്ന ഈ സംഭാഷണത്തിന് മോദി തന്നെയാണ് തുടക്കം കുറിച്ചത്. ഇരുവരും വളരെ താൽപ്പര്യത്തോടെ സംസാരിക്കുന്നത് ചുറ്റുമുള്ള നേതാക്കളും കൗതുകത്തോടെയാണ് നോക്കിനിന്നത്. ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ, ഹരിവംശ് തുടങ്ങിയ പ്രമുഖരും ഈ സമയം ഒപ്പമുണ്ടായിരുന്നു.

വീഡിയോ വൈറലായതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും ജനാധിപത്യപരമായ ഇത്തരം സൗഹൃദ നിമിഷങ്ങൾ സന്തോഷം നൽകുന്നതാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും കമന്റുകൾ. നിരന്തരം വാക്പോരുകൾ നടത്തുന്ന ഇരു നേതാക്കളും തമ്മിലുള്ള ഈ ‘ക്ലോസ് ചാറ്റ്’ രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.