വാഷിംങ്ടൺ: ഇറാനുമായുള്ള അതീവ നിർണായകമായ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്താനിലേക്ക് തിരിച്ചു. യാത്രക്ക് തൊട്ടുമുമ്പ് ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ച് മാധ്യമങ്ങളെ കണ്ട വാൻസ്, ‘ഇറാൻ ചർച്ചകളിൽ ആത്മാർത്ഥത കാണിക്കണമെന്നും അമേരിക്കയെ കളിപ്പിക്കാൻ ശ്രമിക്കരുതെന്നും’ കർശനമായ മുന്നറിയിപ്പ് നൽകി.

ഏതാണ്ട് ആറ് ആഴ്ചയായി നീണ്ടുനിൽക്കുന്ന ഇറാൻ-അമേരിക്ക സംഘർഷത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉന്നതതല ചർച്ചകൾ ഇസ്‌ലാമാബാദിൽ സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നു എന്നത് ഈ കൂടിക്കാഴ്ചയുടെ പ്രത്യേകതയാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം പാകിസ്താനിലേക്ക് പുറപ്പെട്ടത്. വാൻസിനൊപ്പം ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ഔദ്യോഗിക സംഘത്തിലുണ്ട്.

‘ഇറാൻ സമാധാന ചർച്ചകളിൽ ആത്മാർത്ഥത കാണിച്ചാൽ സൗഹൃദത്തിന്റെ കരം നീട്ടാൻ അമേരിക്ക തയ്യാറാണെന്ന് വാൻസ് പറഞ്ഞു. എന്നാൽ ചർച്ചകളെ സമയം നീട്ടിക്കൊണ്ടുപോകാനോ അമേരിക്കയെ കബളിപ്പിക്കാനോ ഉള്ള തന്ത്രമായി ഉപയോഗിച്ചാൽ തങ്ങൾ അത് അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അവർക്ക് സമാധാനമാണ് വേണ്ടതെങ്കിൽ ഞങ്ങൾ അതിന് തയ്യാറാണ്, എന്നാൽ ഞങ്ങളെ കളിപ്പിക്കാനാണ് ഭാവമെങ്കിൽ അത് നടക്കില്ലെന്നും’ വാൻസ് കൂട്ടിച്ചേർത്തു. ‘ചർച്ചകൾ എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ച് ട്രംപ് പ്രതിനിധി സംഘത്തിന് ‘വ്യക്തമായ ചില മാർഗ്ഗനിർദ്ദേശങ്ങൾ’ നൽകിയിട്ടുണ്ടെന്നും വാൻസ് പറഞ്ഞു, പക്ഷേ അദ്ദേഹം അത് വിശദീകരിച്ചില്ല.