സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായി തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച്‌ ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വളരെ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളൂ. എങ്കിലും, കടുത്ത വേനല്‍ച്ചൂടിനെപ്പോലും അവഗണിച്ച്‌ അക്ഷീണം പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണ്. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങള്‍, യാണ് നല്‍കിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണ്.

സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്. ഈ ബൃഹത്തായ പ്രക്രിയ വിജയകരമായി നടപ്പിലാക്കാൻ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷയൊരുക്കിയ പോലീസ്-കേന്ദ്രസേനാ അംഗങ്ങള്‍, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവർത്തിച്ച എല്ലാവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കേരളത്തിന്റെ ജനാധിപത്യ ബോധത്തിനും ജനപങ്കാളിത്തത്തിനും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍. നമുക്ക് ഒരുമിച്ച്‌ മുന്നേറാം, നവകേരളത്തിനായി.

മുഖ്യമന്ത്രി പിണറായി വിജയൻ, പിണറായി ആർസി അമല ബേസിക് സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വികസനതുടർച്ചയ്ക്ക് എല്‍ഡിഎഫ് തുടരണമെന്നും നാടിന്‍റെ പുരോഗതി പ്രതിബദ്ധതയോടെ ഉറപ്പുവരുത്താൻ എല്‍ഡിഎഫിന് മാത്രമേ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരോഗതിക്ക് ഇടവേളയുണ്ടാകരുത്. ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും, ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.