തിരുവനന്തപുരം▪️ സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശി ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് ദാനംചെയ്യുന്നത്.

ഹൃദയം അടക്കം അഞ്ച് അവയവങ്ങള്‍ ആണ് ദാനം ചെയ്യുന്നത്. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് ലിസി ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സ് വഴി എത്തിച്ചത്.

ഒരു വൃക്ക തിരുവന്തപുരം കിംസ് ആശുപത്രിയില്‍, ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, കരള്‍ കിംസ് ആശുപത്രിയില്‍, കോര്‍ണിയ തിരുവനന്തപുരം കണ്ണാശുപത്രി എന്നിവിടങ്ങളിലേക്കുമാണ് നല്‍കുന്നത്. കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് ഈ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്നത്.

ശ്രീകാര്യത്തെ വാടക വീട്ടില്‍ വെച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്ന ജയി ജയകുമാറിനെ ഏപ്രില്‍ രണ്ടിന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ മസ്തിഷ്‌ക മരണം സംഭവിച്ച നിരവധി പേരുടെ അവയവങ്ങള്‍ ദാനം ചെയ്യപ്പെട്ടിരുന്നു.