പശ്ചിമേഷ്യയിൽ സമാധാന കിരണങ്ങൾ ദൃശ്യമായി മണിക്കൂറുകൾ പിന്നിടും മുൻപേ വെടിനിർത്തൽ ഉടമ്പടി പ്രതിസന്ധിയിൽ. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം ഇറാൻ വീണ്ടും തടഞ്ഞു. ലബനനിൽ ഇസ്രായേല്‍ സൈന്യം നടത്തിയ അതിശക്തമായ മിസൈൽ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന ഹോർമുസ് കടലിടുക്ക് തുറന്നുനൽകുക എന്നതായിരുന്നു. എന്നാൽ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം എണ്ണക്കപ്പലുകളുടെ ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
ഇസ്രായേല്‍ സൈന്യം ലബനനിൽ കരയുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് ബെയ്റൂത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയത്. ഹാരെത് ഹ്രീക്, ഘോബെറി ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളിൽ ഇസ്രായേല്‍ വ്യോമസേന കനത്ത ബോംബ് വർഷം നടത്തി. ഈ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. ലബനനിലെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സമാധാന ഉടമ്പടിയുടെ ഭാഗമായി കപ്പലുകൾ കടത്തിവിടാൻ കഴിയില്ലെന്ന നിലപാടിലാണ് ഇറാനിയൻ ഭരണകൂടം.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള ഫാർസ് ന്യൂസ് ഏജൻസിയാണ് കപ്പൽ ഗതാഗതം തടഞ്ഞ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച രാവിലെ ഇറാന്റെ പ്രത്യേക അനുമതിയോടെ രണ്ട് എണ്ണക്കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ സാധിച്ചിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗതാഗതം പൂർണ്ണമായും തടയുകയായിരുന്നു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയും കപ്പലുകൾ കടത്തിവിടുന്നത് നിർത്തിവെച്ച വിവരം സ്ഥിരീകരിച്ചു. ഇസ്റാഈൽ ആക്രമണം തുടരുന്നത് ചർച്ചകളുടെ അന്തരീക്ഷത്തെ നശിപ്പിച്ചതായി ഇറാൻ കുറ്റപ്പെടുത്തുന്നു.
അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന്റെ മധ്യസ്ഥതയിൽ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ ലോകം ആശ്വാസത്തിലായിരുന്നു. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടങ്ങാനിരിക്കെയാണ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിരിക്കുന്നത്. ഇത് ആഗോള എണ്ണ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് ഇന്ധനവില കുതിച്ചുയരാൻ കാരണമാകുമെന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെബനനെ വെടിനിർത്തലിൽ ഉൾപ്പെടുത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയത് ഉടമ്പടിയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.



