പശ്ചിമേഷ്യൻ യുദ്ധം അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇറാന് നേരെയുള്ള സൈനിക നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെ ഡെമോക്രാറ്റിക് കോൺഗ്രസ് വുമൺ യാസാമിൻ അൻസാരി കുറ്റവിചാരണ പ്രമേയം അവതരിപ്പിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഭരണകൂടം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വീകരിക്കുന്ന നിലപാടുകൾ ഭയാനകവും ഹൃദയഭേദകവുമാണെന്ന് അരിസോണയിൽ നിന്നുള്ള പ്രതിനിധിയായ യാസാമിൻ അൻസാരി പറഞ്ഞു. ഇറാന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ഭീഷണികൾ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നാണ് അവരുടെ പക്ഷം.

ഇറാനിയൻ വംശജ കൂടിയായ യാസാമിൻ അൻസാരി, അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. 90 ദശലക്ഷം ജനങ്ങൾ അധിവസിക്കുന്ന ഇറാനെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത് ക്രൂരമായ യുദ്ധക്കുറ്റമാണെന്ന് അവർ അഭിപ്രായപ്പെട്ടു. പീറ്റ് ഹെഗ്സെത്ത് ഈ യുദ്ധത്തിന്റെ സഹായിയായി പ്രവർത്തിക്കുകയാണെന്നും വിവേകശൂന്യമായ സൈനിക നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നുവെന്നും അവർ ആരോപിച്ചു. ഇത്തരം സൈനിക നീക്കങ്ങൾ ഇതിനകം തന്നെ ആയിരക്കണക്കിന് സിവിലിയൻമാരുടെയും നിരവധി യുഎസ് സൈനികരുടെയും ജീവനെടുത്തതായും യാസാമിൻ അൻസാരി കുറ്റവിചാരണ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യുഎസ് ഭരണഘടന പീറ്റ് ഹെഗ്സെത്ത് പലതവണ ലംഘിച്ചതായി യാസാമിൻ അൻസാരി ആരോപിക്കുന്നു. യുഎസ് കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാതെയും അനുമതി തേടാതെയും സൈനിക നീക്കങ്ങൾ നടത്തിയത് ഗൗരവകരമായ ഭരണഘടനാ ലംഘനമാണ്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ മനഃപൂർവ്വം ലക്ഷ്യം വെക്കാൻ ഉത്തരവ് നൽകുന്നതിലൂടെ രാജ്യാന്തര കരാറുകളും മാനുഷിക മൂല്യങ്ങളും ലംഘിക്കപ്പെട്ടതായും അവർ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടയിൽ അമേരിക്കയ്ക്കുള്ളിൽ നിന്ന് തന്നെ ഭരണകൂടത്തിനെതിരെ ഉയരുന്ന ഈ നീക്കം പ്രതിരോധ മന്ത്രാലയത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.