തെഹ്റാനിലെ പ്രശസ്തമായ ഷരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെ നടന്ന വ്യോമാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച് അമേരിക്കൻ കോൺഗ്രസ് അംഗം യാസമിൻ അൻസാരി രംഗത്തെത്തി. ഇറാൻ വംശജയായ ഡെമോക്രാറ്റിക് പ്രതിനിധി യാസമിൻ അൻസാരി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ സൈനിക നീക്കത്തെ ചോദ്യം ചെയ്തത്. ‘ഇറാന്റെ എംഐടി’ (MIT) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷരീഫ് സർവ്വകലാശാല ലോകോത്തര നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനമാണെന്നും അതിന് നേരെ ആക്രമണം നടത്തുന്നത് ക്രൂരതയാണെന്നും അവർ വ്യക്തമാക്കി.
സിലിക്കൺ വാലിയിലുള്ള പ്രമുഖ ടെക് കമ്പനികളെ നയിക്കുന്നതും സ്ഥാപിച്ചതും ഷരീഫ് സർവ്വകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ എൻജിനീയർമാരാണെന്ന് യാസമിൻ അൻസാരി ഓർമ്മിപ്പിച്ചു. ‘ഏറ്റവും മികച്ച അമേരിക്കൻ ടെക് കമ്പനികളുടെ സ്ഥാപകരായ നിരവധി എൻജിനീയർമാരെ ഈ സർവ്വകലാശാല വാർത്തെടുത്തിട്ടുണ്ട്. 10 ദശലക്ഷം ആളുകൾ താമസിക്കുന്ന ഒരു നഗരത്തിലെ സർവ്വകലാശാലയ്ക്ക് നേരെ എന്തിനാണ് നാം ബോംബാക്രമണം നടത്തുന്നത്?’ എന്ന് അവർ അമേരിക്കൻ പ്രസിഡൻ്റ് ട്രംപിനെ ചോദ്യം ചെയ്തു. സിവിലിയൻ കേന്ദ്രങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അൻസാരി മുന്നറിയിപ്പ് നൽകി.
അതിനിടെ, സർവ്വകലാശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ‘അമേരിക്കൻ-സയണിസ്റ്റ്’ നീക്കമെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം വിശേഷിപ്പിച്ചത്. സർവ്വകലാശാലാ ക്യാമ്പസിലെ പള്ളി തകർന്ന നിലയിലുള്ള ചിത്രങ്ങൾ അവർ പുറത്തുവിട്ടു. ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ ഒന്നാം വൈസ് പ്രസിഡൻ്റ് മുഹമ്മദ് റെസ ആരിഫ് ആരോപിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ നടപടികൾ ഭ്രാന്തിന്റെയും അജ്ഞതയുടെയും അടയാളമാണെന്നും ഇറാന്റെ വിജ്ഞാനത്തെ ബോംബുകൾ കൊണ്ട് തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന് തെഹ്റാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുകപടലങ്ങൾ ഉയർന്നതായും ഗ്യാസ് വിതരണം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സർവ്വകലാശാലയിലെ ടെക്നോളജി സെന്ററിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ ക്ലാസുകൾ ഓൺലൈനായിട്ടാണ് നടക്കുന്നത് എന്നതുകൊണ്ട് ആക്രമണ സമയത്ത് ക്യാമ്പസിൽ വിദ്യാർത്ഥികൾ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.



