പശ്ചിമേഷ്യൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നു നൽകില്ലെന്ന് ഇറാൻ വ്യക്തമാക്കി. സമാധാന ഉടമ്പടിക്കായി അമേരിക്കൻ ഭരണകൂടം നടത്തുന്ന നീക്കങ്ങളെ തള്ളിക്കൊണ്ടാണ് തെഹ്‌റാൻ നിലപാട് കടുപ്പിച്ചത്. താൽക്കാലികമായ വെടിനിർത്തൽ കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും വാഷിംഗ്ടണ് സ്ഥിരമായ സമാധാന ഉടമ്പടി ഉണ്ടാക്കാൻ താൽപ്പര്യമില്ലെന്നുമാണ് ഇറാന്റെ വിലയിരുത്തൽ. ഒരു ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി പാകിസ്താൻ പുതിയ സമാധാന നിർദ്ദേശം സമർപ്പിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന പാകിസ്താന്റെ നിർദ്ദേശം ഇറാൻ ഭരണകൂടം ഗൗരവമായി പരിശോധിച്ചുവരികയാണ്. എന്നാൽ, തീരുമാനങ്ങൾ എടുക്കുന്നതിനായി സമയപരിധി നിശ്ചയിച്ച് സമ്മർദ്ദം ചെലുത്തുന്നത് അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് നൽകിയ അന്ത്യശാസനങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇറാന്റെ ഈ പ്രതികരണം.

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ ഭീഷണി നിലനിൽക്കെയാണ് ഇറാന്റെ ഈ പ്രഖ്യാപനം. ചൊവ്വാഴ്ച രാത്രിയാണ് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് നൽകിയ പുതിയ ഡെഡ്‌ലൈൻ അവസാനിക്കുന്നത്. എന്നാൽ ഹോർമുസ് കടലിടുക്ക് ഒരു ആയുധമായി പ്രയോഗിച്ച് അമേരിക്കയെ സമ്മർദ്ദത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. താൽക്കാലികമായ ഒരു കരാറിനായി ഇറാന്റെ ഏറ്റവും വലിയ തന്ത്രപരമായ മുൻതൂക്കം വിട്ടുകൊടുക്കില്ലെന്ന സന്ദേശമാണ് തെഹ്‌റാൻ നൽകുന്നത്.

എണ്ണവില ബാരലിന് 110 ഡോളർ കടന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്റെ ഭാവി ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അതീവ പ്രധാനമാണ്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയാണിത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ വെടിനിർത്തലിനായി സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള അവിശ്വാസം ചർച്ചകളെ ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ തിങ്കളാഴ്ച ഉണ്ടായ ഈ നയതന്ത്ര നീക്കം യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.