അമേരിക്ക–ഇറാന്‍ വിഷയത്തില്‍ സംസാരിക്കാന്‍ പാക്കിസ്ഥാന് സാധിക്കില്ലെന്നും മധ്യസ്ഥ ചര്‍ച്ചകളില്‍ ഒരു റോളുമില്ലെന്നും ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇലാഹി പാക്കിസ്ഥാന്റെ അവകാശവാദങ്ങളെ തള്ളിപ്പറഞ്ഞത്. 

‘അവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല, ഒന്നും സംസാരിക്കാനാവില്ല, ചര്‍ച്ചകള്‍ക്ക് ഇസ്ലമാബാദ് സൗകര്യമൊരുക്കുന്നുവെന്നതെല്ലാം അടിസ്ഥാന രഹിതമായ വാദങ്ങളാണ്, ആഗോള എണ്ണവിലയെ സ്വാധീനിക്കുക മാത്രമാണ് ഇത്തരം വാദങ്ങളിലൂടെ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതെന്നും ഇലാഹി പറയുന്നു. പാക്കിസ്ഥാന്‍ മധ്യസ്ഥരായി ഇതേവരെ ഒരു ചര്‍ച്ചകളും നടന്നിട്ടില്ല. വെറുതേ സംസാരിക്കുകയാണ്, ഒട്ടും ഗൗരവമില്ല, പാക്കിസ്ഥാന്‍ പറഞ്ഞതൊന്നും സത്യമായിരുന്നില്ലെന്നും ഇലാഹി വ്യക്തമാക്കുന്നു. 

എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ പറ്റുന്ന രാജ്യമാണ് ഇന്ത്യ, ഇന്ത്യയുള്‍പ്പെടെയുളള പല രാജ്യങ്ങള്‍ക്കും ഈ പ്രശ്നത്തില്‍ ഇടപെടാനാകുമെന്നും മുൻ ഇറാൻ പരമോന്നത നേതാവ് അലി ഖമനയിയുടെ അനുശോചന ചടങ്ങുമായി ബന്ധപ്പെട്ട് നിലവിൽ പട്‌നയിലുള്ള അബ്ദുൾ മജിദ് ഹക്കീം ഇലാഹി പറയുന്നു. 

അതേസമയം ഹോര്‍മുസ് കടലിടുക്ക് ഇനിയും തുറന്നില്ലെങ്കില്‍ ഇറാന്‍ നരകത്തില്‍ ജീവിക്കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കി. ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് വഴി 15 കപ്പലുകള്‍ ഇറാന്റെ അനുമതിയോടെ കടന്നു. 

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ ബാരലിന് 115 ഡോളര്‍ വരെയെത്തി. കുവൈത്തിലും യുഎഇയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണം തുടരുകയാണ്. ബെയ്റൂട്ടിലെ കിഴക്കന്‍ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു.