കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ജി എസ് ശരണ്യ (36)യെ കണ്ടെത്തി. നാല് ദിവസം നീണ്ട തെരച്ചിലിൽ താഴ്‍വാരത്തിൽ നിന്ന് തന്നെയാണ് ശരണ്യയെ കണ്ടെത്തിയത്. കർണാടക വനംവകുപ്പും പൊലീസും ചേർന്നാണ് വനമേഖലയിൽ തെരച്ചിൽനടത്തിയത്. നക്സൽ വിരുദ്ധ സേനാംഗങ്ങളും തെരച്ചിലിൽ പങ്കെടുത്തിരുന്നു. ശരണ്യയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് സൂചന.

കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായി ഏപ്രില്‍ രണ്ടിന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയില്‍ നിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ഇവർ താമസിച്ചിരുന്നത്. ഏപ്രിൽ 2ന് രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങി ട്രക്കിങ് ആരംഭിച്ചു.

പ്രദേശത്ത് കാട്ടാന ശല്യം കണക്കിലെടുത്ത് മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ യാത്ര തിരിച്ചത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നിർദേശ പ്രകാരമാണ് ശരണ്യ സംഘത്തോടൊപ്പം ചേർന്നത്. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു.