ഇറാൻ മണ്ണിൽ കാണാതായ അമേരിക്കൻ കേണലിനെ സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നിൽ അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ അതിസങ്കീർണ്ണമായ ചാരതന്ത്രമാണെന്ന് പുതിയ റിപ്പോർട്ടുകൾ. ഇറാൻ സൈന്യത്തെ കബളിപ്പിക്കുന്നതിനായി സിഐഎ വലിയ തോതിലുള്ള ‘ഡിസെപ്ഷൻ ക്യാമ്പയിൻ’ നടത്തിയതായി സിബിഎസ് റിപ്പോർട്ട് ചെയ്തു. രക്ഷാദൗത്യം കൃത്യമായി നടക്കുമ്പോൾ തന്നെ പൈലറ്റിനെ കണ്ടെത്തിക്കഴിഞ്ഞുവെന്നും അദ്ദേഹത്തെ ഇറാനിൽ നിന്ന് പുറത്തെത്തിച്ചുവെന്നുമുള്ള വ്യാജവാർത്തകൾ സിഐഎ ഇറാൻ സൈന്യത്തിനിടയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ഇറാന്റെ ശ്രദ്ധ തിരിക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.

ഇറാനിലെ ദുർഘടമായ പർവ്വതമേഖലയിലെ ഒരു ഇടുക്കിൽ (Mountain crevice) ഒളിച്ചിരിക്കുകയായിരുന്നു പരിക്കേറ്റ യുഎസ് കേണൽ. സിഐഎയുടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തുകയും വിവരം പെന്റഗണിന് കൈമാറുകയും ചെയ്തു. ഈ ലൊക്കേഷൻ വിവരമാണ് മിന്നൽ വേഗത്തിലുള്ള സൈനിക നീക്കത്തിന് വഴിതെളിച്ചത്. ശത്രുക്കളുടെ കണ്മുന്നിൽ നിന്ന് തന്നെ കേണലിനെ മോചിപ്പിക്കാൻ ഈ രഹസ്യവിവരങ്ങൾ സഹായിച്ചു.

പൈലറ്റിനെ ഇറാൻ സൈന്യം പിടികൂടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് ലഭിച്ചാലുടൻ തന്നെ അടിയന്തരമായി രക്ഷാദൗത്യം ആരംഭിക്കാൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരപ്രകാരം മിന്നൽ വേഗത്തിലുള്ള നീക്കത്തിനാണ് ട്രംപ് അനുമതി നൽകിയത്. ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് തന്റെ നിർദ്ദേശപ്രകാരം ഇറാനിലേക്ക് അയച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.

അതിസാഹസികമായി രക്ഷപ്പെടുത്തിയ കേണലിന് പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്ന് ട്രംപ് അറിയിച്ചു. ‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു, എന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം മാരകായുധങ്ങളുമായി പോയാണ് അവനെ കൊണ്ടുവന്നത്’ എന്നാണ് ട്രംപ് കുറിച്ചത്. പരിക്കുകൾ സാരമുള്ളതല്ലെന്നും അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഈ രക്ഷാദൗത്യം അമേരിക്കയുടെ സൈനിക കരുത്തിന്റെ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്.