കോഴിക്കോട്: കര്‍ണാടകയിലെ കുടകിൽ ട്രെക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്.ഈ മാസം രണ്ടിനാണ് യുവതി കുടക് തടിയന്റെ മോൾ മലയിൽ എത്തിയത്. കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയാണിത്. ചോല വനവും പുല്‍മേടുകളും നിറഞ്ഞ 14 കിലോമീറ്റര്‍ ദൂരത്തിലാണ് മലയിൽ ട്രെക്കിങിന് അനുമതിയുള്ളത്. ട്രെക്കിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് വഴിതെറ്റി എന്ന് താമസ സ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവതിയെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. എറണാകുളത്ത് സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രെക്കിങിനായി കുടകിലെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയെതുടര്‍ന്ന് മലയിൽ തെരച്ചിൽ തുടരുകയാണ്.
കര്‍ണാടക വനംവകുപ്പും പൊലീസുമാണ് തെരച്ചിൽ നടത്തുന്നത്. മൂന്നു ദിവസമായി തെരച്ചിൽ തുടരുകയാണ്. കുടകിലെ റിസോര്‍ട്ടിലെത്തിയശേഷം മറ്റു സഞ്ചാരികള്‍ക്കൊപ്പമാണ് ട്രെക്കിങിന് പോയത്. ഒന്നാം തീയതിയാണ് ശര്യണ റിസോര്‍ട്ടിലെത്തുന്നത്. തുടര്‍ന്ന് രണ്ടാം തീയതി രാവിലെയാണ് സംഘത്തിനൊടൊപ്പം ട്രെക്കിങിന് പോകുന്നത്. ട്രെക്കിങിന് പോകുന്നവരിൽ ഏറ്റവും പിന്നിലായാണ് ശരണ്യ പോയിരുന്നത്. ഇതിനിടയിലാണ് ശരണ്യയ്ക്ക് വഴി തെറ്റിയതെന്നാണ് വിവരം. ആദ്യം റിസോര്‍ട്ടിലെ ജീവനക്കാരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചിൽ ആരംഭിച്ചത്.



