പെട്ടിക്കട നടത്തി ജീവിക്കുന്ന തലവടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ മംഗലത്ത് കുഞ്ഞ് അച്ചാമ്മയെയാണ് ഭാഗ്യം കടാക്ഷിച്ചത്.

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ കൊച്ചമ്മനം ജംഗ്ഷന് സമീപമാണ് അച്ചാമ്മയുടെ പെട്ടിക്കട. കോതപ്പുഴശേരി ജോര്‍ജുകുട്ടിയില്‍ നിന്ന് കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ട് ടിക്കറ്റുകളാണ് കുഞ്ഞ് അച്ചാമ്മ വാങ്ങിയത്.

വ്യാഴാഴ്ചത്തെ ഫലപ്രഖ്യാപന ശേഷം ടിക്കറ്റ് പരിശോധിച്ചെങ്കിലും കൂടെ എടുത്ത ടിക്കറ്റിന് 5000 രൂപയുടെ പ്രോത്സാഹന സമ്മാനം മാത്രമാണ് കുഞ്ഞ് അച്ചാമ്മയുടെ ശ്രദ്ധയില്‍ പെട്ടത്.ഇതോടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ഇവര്‍ ചവറ്റ്‌കൊട്ടയില്‍ കളഞ്ഞു.

ഒന്നാം സമ്മാനം അടിച്ച വിവരം പിന്നീട് സഹോദരന്‍ അറിയിച്ചപ്പോഴാണ് കുഞ്ഞ് അച്ചാമ്മ ഞെട്ടിയത്. തുടര്‍ന്ന് രാത്രിയില്‍ ഇരുവരും കടയിലെത്തി തെരച്ചില്‍ നടത്തി.വെപ്രാളപ്പെട്ട് നടത്തിയ തെരച്ചിലില്‍ ചവറ്റ് കൊട്ടയില്‍ നിന്ന് ടിക്കറ്റ് കണ്ടെത്തുകയായിരുന്നു.