യുഡിഎഫ് 77 മുതല്‍ 81 വരെ സീറ്റുകളും 42-44% വോട്ട് വിഹിതവും നേടാനുള്ള സാധ്യതയാണ് സര്‍വേ പ്രവചിച്ചിരിക്കുന്നത്. എല്‍ഡിഎഫ് 58 മുതല്‍ 62 സീറ്റുകളും 39-41% വോട്ട് വിഹിതവും നേടുമെന്നാണ് വിലയിരുത്തല്‍. എന്‍ഡിഎയ്ക്ക് 1 മുതല്‍ 2 സീറ്റുകള്‍ വരെ ലഭിക്കാമെന്ന സൂചനയും സര്‍വേ നല്‍കുന്നു. മാര്‍ച്ച്‌ 14 മുതല്‍ 31 വരെ 36,400 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് യുഡിഎഫിന് മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്.

വടക്കന്‍ കേരളം യുഡിഎഫിന് ശക്തമായ ആധിപത്യമുണ്ടാകുമെന്നും സര്‍വേ ഫലം വ്യക്തമാക്കി. വടക്കന്‍ കേരളത്തില്‍ 28-32 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നാണ് ലോക്‌പോള്‍ സര്‍വേ വ്യക്തമാക്കുന്നത്. മുസ്ലിം വോട്ട് ഏകീകരണവും കാര്‍ഷിക മേഖലയുടെ സര്‍ക്കാരിനെതിരായ വികാരവും പ്രധാന ഘടകങ്ങളാകുമെന്നും സര്‍വേയില്‍ പറയുന്നു.

അതേ സമയം, മധ്യകേരളത്തില്‍ ക്രൈസ്തവ വോട്ട് ഏകീകരണവും കര്‍ഷക പ്രശ്‌നങ്ങളും യുഡിഎഫിന് അനുകൂലമായി മാറുമെന്നും 29-33 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് സര്‍വ്വേ ഫലം. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുക. യുഡിഎഫ് 16-20, എല്‍ഡിഎഫ് 16-19 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം വോട്ടു ചോര്‍ച്ച കുറയ്ക്കുന്നതില്‍ സഹായകമാകും. എന്‍ഡിഎ വോട്ടുവിഹിതം ഉയര്‍ത്തുമെങ്കിലും, കൂടുതല്‍ സീറ്റു നേടാന്‍ സാധ്യത കുറവെന്നും പ്രധാന കണ്ടെത്തലായി ലോക്‌പോളില്‍ പറയുന്നു.