എറണാകുളത്തുനിന്നും മലപ്പുറത്തുനിന്നും മാത്രം 30 യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജില്ലയിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫിന് ലഭിക്കുമെന്ന് തനിക്കും മലപ്പുറത്തെ മുഴുവന്‍ സീറ്റുകളും ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയ്ക്കും ആത്മവിശ്വാസമുണ്ടെന്നും വി ഡി സതീശന് പറഞ്ഞു.
വളരെ ഗവേഷണത്തോടെയും ഉള്‍ക്കാഴ്ചയോടെയുമാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയതെന്ന് വി ഡി സതീശന് പറഞ്ഞു. പ്രതിപക്ഷം എന്തൊക്കെ കാര്യത്തിലാണോ സര്‍ക്കാരിനെ വിമര്‍ശിച്ചത് അക്കാര്യങ്ങളെല്ലാം കൃത്യമായി ഗവേഷണം ചെയ്തുകൊണ്ടാണ് പറഞ്ഞത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്ന ഒരു പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികള്‍ നടപ്പിലാക്കുമെന്ന് യുഡിഎഫ് വാക്കുനല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ മടുത്തിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയും. സ്ത്രീകള്‍ക്കെതിരായ അക്രമത്തെക്കുറിച്ചും വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുമുള്ള സര്‍ക്കാരിന്റെ ഇരട്ടസമീപനങ്ങള്‍ ജനം തിരിച്ചറിഞ്ഞു. യുഡിഎഫ് ഗെയില്‍ പൈപ്പിടാന്‍ ആരംഭിച്ചപ്പോള്‍ അത് ഭൂമിക്കടിയിലെ ബോംബെന്ന് പ്രസംഗിച്ച സിപിഐഎം നേതാവ് ഇന്നത്തെ വ്യവസായ മന്ത്രി കൂടിയായ പി രാജീവാണ്. എന്നിട്ട് ഗെയില്‍ പദ്ധതി തങ്ങളുടെ ഭരണനേട്ടമായി എല്‍ഡിഎഫ് പറയുകയാണ്. ഇതിന് നിസ്സാര തൊലിക്കട്ടി പോരെന്നും വി ഡി സതീശന് പരിഹസിച്ചു.



