മലയാളികളെ സംബന്ധിച്ച് ഇന്നും ചിന്താവിഷ്ടയായ ശ്യാമളയിലെ, ശ്യാമള തന്നെയാണ് സംഗീത മാധവന്‍ നായര്‍ . അതിന് മുന്‍പും ശേഷവും എത്ര സിനിമകള്‍ ചെയ്താലും, ആ മുഖം കാണുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ശ്യാമളയുടെ മുഖം തന്നെയാണ്. വിവാഹം കഴിഞ്ഞതിന് ശേഷം കരിയറില്‍ നിന്ന് വലിയൊരു ബ്രേക്ക് എടുത്ത സംഗീത മലയാള സിനിമകളിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ 26 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഒരു തമിഴ് സിനിമ റിലീസ് ആവുന്ന സന്തോഷത്തിലാണ് നടി.
കാളിദാസ് 2 എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ പേഴ്‌സണലായ കാര്യങ്ങളെ കുറിച്ചും സംഗീത തുറന്ന് പറഞ്ഞു. ജീവിതത്തില്‍ എന്തെങ്കിലും വാശി പിടിച്ച് നേടിയെടുത്തിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അങ്ങനെ നേടിയതാണ് എന്റെ വിവാഹ ജീവിതം എന്ന് സംഗീത പറയുന്നു. കല്യാണം കഴിച്ച് തരില്ല എന്ന് വീട്ടുകാര്‍ പറഞ്ഞു, ഞാന്‍ വാശി പിടിച്ച് അത് നേടി.
അന്ന് എന്താണ് ചെയ്തത് എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം അതില്‍ സോഷ്യല്‍ മെസേജുകള്‍ ഒന്നുമില്ല. അന്നത് ചിന്തിക്കുമ്പോള്‍, ചെയ്യാന്‍ പാടില്ലാത്തതും അതിലുണ്ട്, അതുകൊണ്ട് അത് പുറത്ത് പറയണം എന്ന് തോന്നുന്നില്ല. ആത്യന്തികമായി കല്യാണം കഴിച്ച ആള്‍ക്കൊപ്പം നമ്മള്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ടോ എന്നത് മാത്രമാണ് അതിലെ പോസിറ്റീവ് എന്ന് സംഗീത പറയുന്നു.
അച്ഛനും അമ്മയ്ക്കും നാല് മക്കളില്‍ ഒരാളാണ് ഞാന്‍. ഞങ്ങളെ വളര്‍ത്തിയതും അങ്ങനെയാണ്. ഷൂട്ടിങ് സെറ്റില്‍ എല്ലാം എനിക്കൊപ്പം വന്നത് അമ്മയാണ്. ഭക്ഷണം കഴിച്ചില്ലെങ്കില്‍ തല്ലും വഴക്കുമൊക്കെ വാങ്ങിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഞാന്‍ സ്വാതന്ത്ര്യം അനുഭവിച്ചത് വിവാഹത്തിന് ശേഷമാണ്. എനിക്ക് എന്ത് വേണമോ, എന്ത് ചെയ്യണമോ അത് ചെയ്യാം എന്ന സ്വാതന്ത്ര്യം അദ്ദേഹം നല്‍കി. എന്ന് കരുതി എന്റെ പാരന്റ്‌സ് എന്നെ കഷ്ടപ്പെടുത്തി എന്നല്ല, എന്ത് ചെയ്യുന്നുണ്ട് എങ്കിലും ചോദിച്ചിട്ടും പറഞ്ഞിട്ടും ചെയ്യണം. ഇന്നും എവിടെയാണ്, എന്താണ് എന്നൊക്കെ അമ്മ ചോദിക്കും. അത് തടയിടുന്നതല്ല, സ്‌നേഹം കൊണ്ടുള്ള കണ്‍സേണ്‍ ആണ് എന്നാണ് സംഗീത പറയുന്നത്.
അതേ സമയം തന്റെ അമ്മ ഞങ്ങള്‍ നാല് മക്കളെ വളര്‍ത്തിയത് പോലെയല്ല ഞാന്‍ എന്റെ മകളെ വളര്‍ത്തുന്നത്. എനിക്ക് ഒരേ ഒരു മകളാണ്, അതുകൊണ്ട് തന്നെ അമ്മ പരീക്ഷിച്ചതൊന്നും എനിക്കവളില്‍ പരീക്ഷിക്കാന്‍ സാധിച്ചിട്ടില്ല. അതേ സമയം അന്ന് ഞങ്ങളെ തല്ലിയ അമ്മ, ഇന്ന് ഞാന്‍ മകളെ വഴക്ക് പറയുമ്പോള്‍ പോലും ശകാരിക്കും എന്നാണ് സംഗീത പറഞ്ഞത്
ഛായാഗ്രഹകന്‍ എസ് സരവണനെയാണ് സംഗീത മാധവന്‍ നായര്‍ വിവാഹം ചെയ്തത്. 2000 ല്‍ ആയിരുന്നു വിവാഹം. 2002 ല്‍ ആണ് ഇരുവര്‍ക്കും മകള്‍ പിറന്നത്.



