പാലസ്തീനികളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ പുതിയ വധശിക്ഷാ നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഇസ്രായേലിനെ ശക്തമായി പിന്തുണച്ചിരുന്ന ജർമ്മനിയും യൂറോപ്യൻ യൂണിയനും നിയമത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ഇസ്രായേലികളെ കൊല്ലുന്ന പാലസ്തീനികൾക്ക് വധശിക്ഷ നൽകാൻ സൈനിക കോടതികൾക്ക് നിർദ്ദേശം നൽകുന്നതാണ് പുതിയ നിയമം. എന്നാൽ ഇസ്രായേലികൾ പാലസ്തീനികളെ കൊല്ലുന്ന സംഭവങ്ങളിൽ ഈ നിയമം ബാധകമല്ലെന്നത് കടുത്ത വിവേചനമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 2026 മാർച്ച് 31, ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച അന്താരാഷ്ട്ര പ്രതികരണങ്ങൾ പുറത്തുവന്നത്.
ഇസ്രായേലിന്റെ പുതിയ നീക്കം ജനാധിപത്യ മൂല്യങ്ങളിൽ നിന്നുള്ള പിന്നോട്ടുപോക്കാണെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും ജനാധിപത്യ തത്വങ്ങളും പാലിച്ച് മുൻപത്തെ നിലപാടിലേക്ക് ഇസ്രായേല്‍ മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജർമ്മൻ സർക്കാർ വക്താവും പുതിയ നിയമത്തെ കടുത്ത ആശങ്കയോടെയാണ് കാണുന്നതെന്ന് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗാസയിലും വെസ്റ്റ് ബാങ്കിലും നടന്ന ഇസ്രായേല്‍ ആക്രമണങ്ങളിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.



