ലക്നോ: ഉത്തർപ്രദേശിലെ അംറോഹയിൽ ഭർത്താവിനെ ഭാര്യയും കാമുകനും അയാളുടെ സുഹൃത്തും ചേർന്ന് കഴുത്തറത്ത് കൊലപ്പെടുത്തി. കൂലിവേലക്കാരനായ മെഹ്രാജിനെയാണ് ഭാര്യ റൂഹി, അവരുടെ സഹോദരീഭർത്താവിന്റെ ബന്ധു ഫർമാൻ, അയാളുടെ സുഹൃത്തായ അദ്നാൻ എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.
റൂഹിയും ഫർമാനുമായി പ്രണയത്തിലായിരുന്നു എന്നും ഇരുവരെയും ഒരുമിച്ച് ജീവിക്കാൻ മെഹ്രാജ് എതിർത്തിരുന്നു എന്നും പോലീസ് പറഞ്ഞു. ഇതേ തുടർന്ന് റൂഹി മെഹ്രാജിനെ കൊലപ്പെടുത്താനായി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി. മെഹ്രാജ് ഉറങ്ങിയതിന് ശേഷം റൂഹി ഫർമാനെയും അദ്നാനെയും വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി.
ഇരുവരും മെഹ്രാജിന്റെ കാലുകൾ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. രാത്രി മുഴുവൻ റൂഹി രണ്ട് കുട്ടികൾക്കൊപ്പം മെഹ്രാജിന്റെ മൃതദേഹത്തിനരികിൽ ചിലവഴിച്ചു. പിറ്റേന്ന് രാവിലെ മെഹ്രാജിന്റെ പിതാവ് വന്നപ്പോൾ വീട്ടിൽ മോഷണശ്രമം നടന്നുവെന്നും ആക്രമണം നേരിട്ടുവെന്നും ഇതിനിടെ മെഹ്രാജ് കൊല്ലപ്പെട്ടുവെന്നുമാണ് റൂഹി പറഞ്ഞത്. എന്നാൽ സംശയം തോന്നിയ മെഹ്രാജിന്റെ പിതാവ് പരാതി നൽകുകയും ഇവരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം സമ്മതിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ കണ്ടെടുത്തു. ഇവരുടെ പക്കലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകളും പരിശോധനയ്ക്കയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



