കോവളം: രാഷ്ട്രീയ സമവാക്യങ്ങൾക്ക് പുറമെ തീരദേശ മേഖലകളിൽ കടൽഭിത്തി നിർമ്മാണവും പുനരധിവാസവും വികസനവും ചർച്ചയാകുന്ന നിയമസഭാ മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ കോവളം. മത്സ്യബന്ധന തൊഴിലാളികളുടെയും, മറ്റ് അടിസ്ഥാന പ്രശ്‌നങ്ങളിലും ഇടപെടാൻ കഴിയുന്നവർക്ക് കോവളത്ത് വിജയിച്ചുകയറാൻ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. കോണ്‍ഗ്രസ് നേതാവ് എം വിന്‍സന്‍റാണ് കോവളത്തെ സിറ്റിംഗ് എംഎല്‍എ. ഹാട്രിക് വിജയം ലക്ഷ്യമിട്ട് വിന്‍സന്‍റിനെ തന്നെയാണ് യുഡിഎഫ് ഇത്തവണ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണയും കോവളത്തെ തീരദേശം തുണച്ചത് കോൺഗ്രസിനെയായിരുന്നു. ഇത്തവണയും മണ്ഡലത്തിൽ കടുത്ത പോരാട്ടം തന്നെയെന്നുവേണം പറയാൻ. മുന്നണികൾ വിട്ടുവന്ന സ്ഥാനാർഥികളാണ് ഇത്തവണ എല്‍ഡിഎഫിലും എൻഡിഎയിലുമെന്നതാണ് കൗതുകം. സഖ്യകക്ഷിയായ അർ.ജെ.ഡി വിട്ട് ഐ.എസ്.ജെ.ഡിയിൽ ചേർന്ന ഭഗത് റൂഫസിനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കിയിരിക്കുന്നു. ഐ.എസ്.ജെ.ഡിയിൽ നിന്നും കൂടുമാറിയെത്തിയ ടി.എൻ സുരേഷാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കോവളത്തെ ചൊല്ലി അർ.ജെ.ഡിയും, ഐ.എസ്.ജെ.ഡിയും തമ്മില്‍ സീറ്റ് തർക്കം രൂക്ഷമായതോടെയാണ് സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണത്തിലേക്ക് സിപിഎം കടന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് ഇടതിന് നഷ്‌ടമായ ഒരേയൊരു മണ്ഡലം കൂടിയാണ് കോവളം. തീരദേശ കാറ്റ് സിറ്റിംഗ് എംഎല്‍എ എം വിൻസന്‍റിന് അനുകൂലമായി വീണ്ടുമടിച്ചാൽ ഹാട്രിക്ക് വിജയം സുനിശ്ചിതം.
ഇത്തവണയും വിഴിഞ്ഞം തുറമുഖ പദ്ധതി തന്നെയാണ് കോവളത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ താരം. സംസ്ഥാനത്തിന്‍റെ സ്വപ്‌ന പദ്ധതിയെന്ന ഇടതുപക്ഷത്തിന്‍റെയും, കേന്ദ്ര സർക്കാര്‍ പദ്ധതിയെന്ന ബിജെപിയുടെയും വാദങ്ങൾ മണ്ഡലത്തിലുടനീളം പ്രചാരണ രംഗത്ത് കത്തിക്കേറുന്നു എന്നുവേണം പറയാൻ. വിഴിഞ്ഞം പദ്ധതി ശ്രദ്ധേയമാകുമ്പോഴും തീരദേശ ജനതയുടെ പ്രധാന ഉപജീവന മാർഗമായ മത്സ്യബന്ധനവും അതിലെ ആശങ്കകളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ ജനം പങ്കിടുന്നുണ്ട്. ഇടതിന് മേൽകൈ മണ്ഡലത്തിൽ പ്രകടമായിരുന്നെങ്കിലും 2016-ലും 2021-ലും യുഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലമായി മാറി കോവളം. എങ്കിലും ശക്തനായ സ്ഥാനാർഥിയെ ഇറക്കി എൽഡിഎഫ് ഇവിടെ മുന്നേറാനുള്ള പദ്ധതികളാണ് ഇത്തവണ അരങ്ങിൽ ഒരുക്കുന്നത്. അതേസമയം, മണ്ഡലത്തിലെ വോട്ട് വിഹിതത്തിൽ ബിജെപിയും ശക്തമായിട്ടുമുണ്ട്.



