ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി വത്തിക്കാന്റെ പുതിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. വത്തിക്കാൻ പ്രസിദ്ധീകരിച്ച ‘അനുവാരിയോ പോന്തിഫീസ്യോ 2026’ (Annuario Pontificio 2026) പ്രകാരമാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവന്നത്. ആഗോള ജനസംഖ്യയിലെ മാറ്റങ്ങൾക്കൊപ്പം സഭയുടെ സാന്നിധ്യവും വിപുലമാകുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ആഗോളതലത്തിൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 1.4 ബില്യൺ കടന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏകദേശം ഒരു ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകജനസംഖ്യയുടെ ഏകദേശം 17.7% പേർ കത്തോലിക്കാ വിശ്വാസികളാണ്. ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്. അവിടെ വിശ്വാസികളുടെ എണ്ണത്തിൽ മൂന്ന് ശതമാനത്തോളം വർധനവുണ്ടായി. ഏഷ്യൻ രാജ്യങ്ങളിലും സഭയുടെ വളർച്ചാനിരക്ക് ഉയർന്നിട്ടുണ്ട്.

ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെ എണ്ണത്തിൽ വർധനവുണ്ടായപ്പോൾ, യൂറോപ്പിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സന്യസ്തരുടെ എണ്ണത്തിലും സമാനമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. സഭയിലെ സ്ഥിരം ഡീക്കന്മാരുടെ എണ്ണത്തിൽ ആഗോളതലത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. അജപാലനദൗത്യങ്ങളിൽ ഇവരുടെ പങ്കാളിത്തം കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള രൂപതകളുടെ എണ്ണം വർധിച്ചതിനൊപ്പം മെത്രാന്മാരുടെ എണ്ണത്തിലും നേരിയ വർധനവുണ്ടായിട്ടുണ്ട്. പുതുതായി രൂപീകരിച്ച രൂപതകളും മിഷൻ കേന്ദ്രങ്ങളും ഇതിന് കാരണമായി.