അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ സംഘർഷം സമാനതകളില്ലാത്ത ഭീകരതയിലേക്ക് നീങ്ങുകയാണ്. ഇറാനിലേക്ക് കരസേനയെ അയക്കാൻ അമേരിക്ക പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ “നരകത്തിലേക്ക് സ്വാഗതം” എന്ന തലക്കെട്ടോടെയാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ ഈ വാർത്തയോട് പ്രതികരിച്ചത്. ഇറാൻ മണ്ണിൽ കാലുകുത്തുന്ന അമേരിക്കൻ സൈനികർ ശവപ്പെട്ടികളിൽ മാത്രമേ തിരിച്ചുപോകൂ എന്ന് ഇറാൻ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ സൈന്യം നീക്കം നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 10,000 അധിക സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ പെന്റഗൺ തീരുമാനിച്ചതായാണ് വിവരം. ഇതിനെ പ്രതിരോധിക്കാൻ ഖാർഗ് ദ്വീപിന് ചുറ്റും ഇറാൻ വൻതോതിൽ മൈനുകൾ വിരിച്ചതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കൻ സൈനികർക്ക് ഇറാൻ മണ്ണ് ഒരു ശ്മശാനമായി മാറുമെന്ന് ഇറാന്റെ ഉന്നത സൈനിക വക്താക്കൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 500-ലധികം സൈനികർ കൊല്ലപ്പെട്ടതായും ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ കണക്കുകൾ അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.



