പശ്ചിമേഷ്യൻ യുദ്ധം നാലാം വാരം പിന്നിടുമ്പോൾ ലോകത്തെ നടുക്കി ഇറാന്റെ സൈനിക നീക്കം. ഇറാന്റെ തെക്കൻ പ്രവിശ്യയായ ഫാർസിന്റെ ആകാശത്ത് വെച്ച് അമേരിക്കയുടെ അത്യാധുനിക എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച് പ്രവേശിച്ച വിമാനത്തിന് നേരെ ഐആർജിസിയുടെ വ്യോമ പ്രതിരോധ സംവിധാനം മിസൈൽ തൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് ഈ പ്രത്യാക്രമണം ഉണ്ടായത്.
ദക്ഷിണ ഇറാന്റെ ആകാശത്ത് നിരീക്ഷണം നടത്തിയിരുന്ന അമേരിക്കൻ വിമാനത്തെയാണ് ഐആർജിസി ലക്ഷ്യം വെച്ചത്. ‘നമ്മുടെ പരമാധികാരം ലംഘിക്കുന്ന ഏത് വിദേശ വിമാനത്തെയും നേരിടാൻ നാം സജ്ജമാണെന്ന്’ ഐആർജിസി വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ സിവിലിയൻ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. വിമാനം തകർന്നു വീണ സ്ഥലത്ത് ഇറാൻ സുരക്ഷാ സേന പരിശോധന നടത്തിവരികയാണ്. പൈലറ്റിന്റെ നിലയെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അമേരിക്കൻ യുദ്ധവിമാനം തകർത്തുവെന്ന ഇറാന്റെ അവകാശവാദത്തോട് വാഷിംഗ്ടൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണയായി ഇത്തരം സംഭവങ്ങളിൽ യുഎസ് സെൻ്റ്കോം (Centcom) വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രസ്താവന പുറത്തിറക്കാറുള്ളത്. എന്നാൽ എഫ്-16 വിമാനം നഷ്ടപ്പെട്ടത് അമേരിക്കൻ സൈന്യത്തിന് സാങ്കേതികമായും സൈനികമായും വലിയ തിരിച്ചടിയാണ്. ആഗോള എണ്ണ വിപണി ഈ നീക്കത്തെ വലിയ ആശങ്കയോടെയാണ് കാണുന്നത്. യുദ്ധം നീണ്ടുപോയാൽ ലോകം വൻ സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുമെന്ന് സൗദി ധനമന്ത്രി ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



