ധര്‍മടം: ധര്‍മടം മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. രഞ്ജിത്ത് പെരളശ്ശേരിയിലെ എ.കെ.ജി സ്മാരകം സന്ദര്‍ശിച്ചു. ജനസമ്പര്‍ക്ക വാഹന യാത്രക്കിടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. 

ദീര്‍ഘകാലമായി കമ്യൂണിസ്റ്റ് കോട്ടയായി കണക്കാക്കിയിരുന്നതിനാല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത മേഖലയിലായിരുന്നു പെരളശ്ശേരി. എന്നാല്‍ സാമൂഹിക നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് രേഖപ്പെടുത്തുന്നതിന്റെയും എല്ലാ വിഭാഗം ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്നതിന്റെയും ഭാഗമായാണ് ഈ സ്മാരക സന്ദര്‍ശനമെന്നാണ് പാർട്ടി വാദം. 

സന്ദര്‍ശനത്തിനിടെ നാട്ടുകാരുമായി സ്ഥാനാർഥി സംവദിച്ചു. എൽ.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ജനവിധി തേടുമ്പോൾ, യു.ഡി.എഫിന്റെ സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദാണ്. 50,123 വോട്ടാണ് 2021ൽ പിണറായിയുടെ ഭൂരിപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14,623 വോട്ടാണ് എൻ.ഡി.എ. നേടിയത്.