നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് റാപ്പറും മുൻ കാഠ്മണ്ഡു മേയറുമായ ബലേന്ദ്ര ഷാ (35) പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ നേപ്പാളിന്റെ പാരമ്പര്യ വസ്ത്രമായ കറുത്ത തൊപ്പിയും സൺഗ്ലാസും ധരിച്ചെത്തിയ ബലേന്ദ്ര ഷാ, രാജ്യം കണ്ട ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാരിൽ ഒരാളാണ്. നേപ്പാളിലെ തെക്കൻ സമതലങ്ങളിൽ നിന്നുള്ള (മദേശി വിഭാഗം) ആദ്യത്തെ പ്രധാനമന്ത്രി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഴിമതിക്കെതിരെ നടന്ന ‘ജെൻ ഇസഡ്’ (Gen Z) പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് ബലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) വൻ വിജയം നേടിയത്.275 അംഗ പാർലമെന്റിൽ 182 സീറ്റുകൾ നേടിയാണ് ആർഎസ്പി അധികാരം പിടിച്ചത്.

നേപ്പാളിലെ ഏറ്റവും പഴയ പാർട്ടിയായ നേപ്പാളി കോൺഗ്രസിന് വെറും 38 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ പാർട്ടി 25 സീറ്റുകളിലേക്ക് ഒതുങ്ങി. ഭരണച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി വെറും 14 അംഗങ്ങൾ മാത്രമുള്ള ചെറിയ മന്ത്രിസഭയാണ് ബലേന്ദ്ര ഷാ പ്രഖ്യാപിച്ചത്.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ സ്വരണിം വഗ്ലെയെ ധനമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുത്തു. അഴിമതി നിർമ്മാർജ്ജനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലുമാണ് പുതിയ സർക്കാരിന്റെ പ്രധാന ലക്ഷ്യം. അഴിമതി വിരുദ്ധ പ്രക്ഷോഭത്തിനിടെ 76 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക എന്നതാണ് പുതിയ സർക്കാരിന്റെ ആദ്യത്തെ വലിയ വെല്ലുവിളി. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണ റിപ്പോർട്ട് നടപടി ശുപാർശ ചെയ്യുന്നുണ്ട്. ബലേന്ദ്ര ഷായുടെ വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.