അമേരിക്കയിൽ അതിവേഗം പടർന്നുപിടിക്കുന്ന പുതിയ കോവിഡ്-19 വകഭേദമായ ബിഎ.3.2 സംബന്ധിച്ച് ആരോഗ്യ വിദഗ്ധരുടെ കർശന മുന്നറിയിപ്പ്. ‘സിക്കാഡ’ (Cicada) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ വൈറസ് വകഭേദം അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ ഇതിനോടകം സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ദേശീയ മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, 2024 നവംബർ 22 വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലാണ് ഈ കോവിഡ് വകഭേദം ആദ്യമായി കണ്ടെത്തിയത്. നീണ്ടകാലം കാര്യമായ പ്രത്യാഘാതങ്ങളില്ലാതെ മറഞ്ഞുകിടന്ന ശേഷമാണ് ഈ വൈറസ് വീണ്ടും ശക്തമായി പടരാൻ തുടങ്ങിയത്. ഇത്തരത്തിൽ ഭൂമിക്കടിയിൽ ദീർഘകാലം ജീവിച്ച ശേഷം പുറത്തുവരുന്ന സിക്കാഡ പ്രാണികളുടെ സ്വഭാവത്തോട് സാമ്യമുള്ളതിനാലാണ് ഗവേഷകർ ഇതിന് ‘സിക്കാഡ’ എന്ന് പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു കാലമായി ലോകത്ത് പടർന്നുപിടിച്ച ജെഎൻ.1 കോവിഡ് കുടുംബത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ബിഎ.3.2 വകഭേദം. മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാൻ വൈറസിനെ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനിൽ 70 മുതൽ 75 വരെ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് സിഡിസി നൽകുന്ന വിവരങ്ങൾ പ്രകാരം വ്യക്തമാകുന്നത്. ഉയർന്ന തോതിലുള്ള ഈ ജനിതക മാറ്റങ്ങൾ വൈറസിന്റെ വ്യാപനശേഷി വർദ്ധിപ്പിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

വാക്സിനേഷനിലൂടെയോ മുൻകാല അണുബാധകളിലൂടെയോ മനുഷ്യർ ആർജ്ജിച്ചെടുത്ത പ്രതിരോധശേഷിയെ ഭാഗികമായി മറികടക്കാൻ സിക്കാഡയ്ക്ക് കഴിഞ്ഞേക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്രയധികം ജനിതക മാറ്റങ്ങൾ സംഭവിച്ചതിനാൽ, നിലവിലുള്ള കോവിഡ് വാക്സിനുകൾ അണുബാധ തടയുന്നതിൽ എത്രത്തോളം ഫലപ്രദമാകുമെന്നതിൽ നേരിയ ആശങ്കയുണ്ട്. എങ്കിലും, ഗുരുതരമായ രോഗാവസ്ഥകളെയും മരണത്തെയും ചെറുക്കാൻ വാക്സിനുകൾ ഇപ്പോഴും സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

സിക്കാഡ വകഭേദത്തിന്റെ രോഗലക്ഷണങ്ങൾ മുൻകാല കോവിഡ് വകഭേദങ്ങൾക്ക് സമാനമാണ്. എന്നാൽ, കടുത്ത തൊണ്ടവേദനയാണ് ഈ വകഭേദം ബാധിച്ചവരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. ഇതിന് പുറമെ കടുത്ത പനി, ചുമ, ക്ഷീണം, തലവേദന, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടൽ എന്നിവയും സാധാരണമാണ്. ചില രോഗികളിൽ വയറിളക്കം, ശ്വാസതടസ്സം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ, ഈ വകഭേദം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നതിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ല.

അമേരിക്കയിലെ 25 സംസ്ഥാനങ്ങളിൽ ഇതിനോടകം സിക്കാഡ വകഭേദം കണ്ടെത്തിയിട്ടുണ്ട്. കാലിഫോർണിയ, ഫ്ലോറിഡ, ന്യൂയോർക്ക്, ടെക്സാസ്, ഇല്ലിനോയ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. വിദേശയാത്രക്കാരുടെ സാമ്പിളുകൾ, രോഗികളുടെ പരിശോധനാ ഫലങ്ങൾ, മലിനജല പരിശോധന എന്നിവയിലൂടെയാണ് വൈറസ് സാന്നിധ്യം അമേരിക്കൻ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ഡെൻമാർക്ക്, ജർമ്മനി, നെതർലാൻഡ്സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെ 23 വിദേശ രാജ്യങ്ങളിലും സിക്കാഡയുടെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സിക്കാഡ വകഭേദം ആഗോളതലത്തിൽ ഒരു പുതിയ കോവിഡ് തരംഗത്തിന് കാരണമാകുമോ എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. രോഗവ്യാപനത്തിന്റെ തോത് വർദ്ധിക്കുന്നത് ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.  കൃത്യമായ പരിശോധനകളുടെ അഭാവം മൂലം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതൽ പേരിലേക്ക് വൈറസ് പടർന്നിട്ടുണ്ടാകാമെന്നും വിദഗ്ധർ സംശയിക്കുന്നു. പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.