അമേരിക്കയിലെ വിദേശ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് എച്ച്-1 ബി വിസയിലുള്ളവർക്ക് നൽകേണ്ട ശമ്പള നിരക്ക് കുത്തനെ വർദ്ധിപ്പിക്കാൻ ട്രംപ് ഭരണകൂടം. അമേരിക്കൻ തൊഴിലാളികളുടെ ശമ്പളം കുറയാതിരിക്കാനും വിദേശത്തുനിന്നുള്ള കുറഞ്ഞ വേതനക്കാരായ തൊഴിലാളികളെ നിയന്ത്രിക്കാനുമാണ് ഈ നടപടിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് തൊഴിൽ വകുപ്പ് പുറത്തിറക്കിയ പുതിയ നിർദ്ദേശപ്രകാരം നാല് തൊഴിൽ തലങ്ങളിലും ശമ്പള പരിധി ഉയരും. തുടക്കക്കാർക്ക് (Level 1) ശമ്പള പരിധി നിലവിലുള്ള 17-ാം ശതമാനത്തിൽ നിന്ന് 34-ലേക്ക് ഉയർത്തും. ഇതോടെ തുടക്കക്കാരായ ജീവനക്കാരുടെ ശമ്പളത്തിൽ 18 ശതമാനത്തോളം വർദ്ധനവുണ്ടാകും. പരിചയസമ്പന്നർക്ക് (Level 4) ശമ്പള പരിധി 67-ൽ നിന്ന് 88-ാം ശതമാനത്തിലേക്ക് ഉയർത്തും. ഈ മാറ്റം എച്ച്-1 ബി വിസക്കാർക്ക് മാത്രമല്ല, ഗ്രീൻ കാർഡ് അപേക്ഷകർക്കും (EB-2, EB-3) ബാധകമായിരിക്കും.
കുറഞ്ഞ ശമ്പളത്തിന് വിദേശികളെ നിയമിക്കുന്ന രീതി അവസാനിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. “വിദേശ തൊഴിലാളികൾക്ക് അവരുടെ അധ്വാനത്തിന്റെ യഥാർത്ഥ വിപണി മൂല്യം ലഭിക്കുന്നുണ്ടെന്ന് ഈ നിയമം ഉറപ്പാക്കും. എച്ച്-1 ബി പ്രോഗ്രാം ദുരുപയോഗം ചെയ്യുന്നത് ഇനി അനുവദിക്കില്ല,” എന്ന് യുഎസ് ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡിറമർ പറഞ്ഞു.
ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റാ, ഗൂഗിൾ തുടങ്ങിയ വമ്പൻ കമ്പനികൾക്കും ടിസിഎസ് (TCS) പോലുള്ള ഇന്ത്യൻ ഐടി കമ്പനികൾക്കും ഈ തീരുമാനം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. നേരത്തെ തന്നെ എച്ച്-1 ബി വിസയ്ക്കായി പുതിയ ചില നിയന്ത്രണങ്ങൾ ട്രംപ് ഭരണകൂടം കൊണ്ടുവന്നിരുന്നു. അമേരിക്കയ്ക്ക് പുറത്തുനിന്നുള്ള പുതിയ എച്ച്-1 ബി നിയമനങ്ങൾക്ക് 100,000 ഡോളർ ഫീസ് ഏർപ്പെടുത്തി.



